ദില്ലി: ശബരിമലയിൽ യുവതികൾ പ്രവേശിച്ചത് പാർട്ടിയെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തൽ റിപ്പോർട്ട്. പാർട്ടിയുടെ തോൽവി മുൻകൂട്ടി കാണുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന വിമർശനവും വിലയിരുത്തൽ റിപ്പോർട്ടിലുണ്ട്. തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമാകുമെന്ന് വിലയിരുത്താൻ സംസ്ഥാന നേതൃത്വത്തിന് എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ട് പറയുന്നു. റിപ്പോർട്ടിന്‍റെ പൂർണ രൂപം ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
വനിതാ മതിൽ എൽഡിഎഫിന് അനുകൂലമായ തരംഗം കേരളത്തിലുണ്ടാക്കിയതാണ്. അതിന് പിറ്റേന്ന് തന്നെ ശബരിമലയിൽ രണ്ട് യുവതികൾ പ്രവേശിച്ചത് പാർട്ടിക്കെതിരെ എതിർപക്ഷം ഉപയോഗിച്ചു. വനിതാ മതിലിന് ശേഷമുണ്ടായ ഈ യുവതീപ്രവേശം യുഡിഎഫും ബിജെപിയും പാർട്ടിക്കെതിരെ ആയുധമാക്കിയെന്നും റിപ്പോർട്ട് പറയുന്നു.
ജനമനസ്സറിയാൻ നേതൃത്വത്തിനായില്ല
ശബരിമലയിൽ ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതിൽ പാർട്ടി നേതാക്കൾ പരാജയപ്പെട്ടെന്ന രൂക്ഷവിമർശനമാണ് തെരഞ്ഞെടുപ്പ് വിലയിരുത്തൽ റിപ്പോർട്ടിലുള്ളത്. വോട്ടെടുപ്പിന് ശേഷവും, ജയിക്കുമെന്ന വിലയിരുത്തലാണ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് നൽകിയത്. ഈ വിലയിരുത്തൽ തെറ്റിയതെങ്ങനെയെന്ന് ഗൗരവമായി പരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് വിലയിരുത്തൽ റിപ്പോർട്ടിലുണ്ട്.
1977-ന് സമാനമായ തിരിച്ചടിയാണ് കേരളത്തിൽ സംഭവിച്ചത്. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽപ്പോലും വോട്ട് കുറഞ്ഞു. അത്തരമൊരു തിരിച്ചടിയുണ്ടാവാനുള്ള സാഹചര്യമെന്തായിരുന്നു കേരളത്തിൽ എന്നത് പരിശോധിക്കണം. കേരളത്തിൽ യുഡിഎഫിന് വൻ വിജയമുണ്ടായതിന് ഒരു കാരണം രാഹുൽ ഗാന്ധി വയനാട്ടിൽ വന്ന് മത്സരിച്ചത് തന്നെയാണ്. രാഹുൽ മത്സരിക്കാനെത്തിയത് ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചു. പാർട്ടി കോൺഗ്രസ് മുന്നോട്ടു വച്ച ലക്ഷ്യമൊന്നും കൈവരിക്കാതെയാണ് ഇത്തവണ പാർട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും തെരഞ്ഞെടുപ്പ് വിലയിരുത്തൽ റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ടിന്‍റെ പൂർണരൂപം:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam