
സന്നിധാനം: മണ്ഡല പൂജക്കായി നട തുറന്ന ശേഷം ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം. നാളെ അവധി ദിവസമായതിനാൽ തിരക്ക് വർധിക്കാൻ ആണ് സാധ്യതയെന്ന് ദേവസ്വം ബോർഡ് അധികൃതർ പറയുന്നു. അതേസമയം സന്നിധാനത്തേക്ക് വരുന്ന തീർത്ഥാടകർ അനാചാരങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും മായം കലരാത്ത നെയ്യ് അഭിഷേകത്തിനായി എത്തിക്കണമെന്നും ക്ഷേത്രം തന്ത്രി ആവശ്യപ്പെട്ടു.
പ്രവേശനം പൂർണമായും വെർച്ചൽ ക്യു മുഖേന ആയതിനാൽ ഒരു ദിവസം പരമാവധി ഒരു ലക്ഷം പേർക്കാണ് ദർശനം നടത്താൻ കഴിയുക. ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് വർധിക്കാനാണ് സാധ്യത. ഇന്നും നാളെയും അവധി ദിവസങ്ങൾ ആയതിനാൽ കൂടുതൽ തീർത്ഥാടകർ സന്നിധാനത്ത് എത്തും. തീത്ഥാടകർ മായം കലർത്താത്ത നല്ല നെയ്യ് മാത്രം അഭിഷേകത്തിനായി എത്തിക്കണമെന്നും തീർത്ഥാടകർ അനാചാരങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചപ്പോൾ ആവശ്യപ്പെട്ടു.
ഇപ്പോൾ സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പ ഭക്തരിൽ കൂടുതൽ പേരും തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നാണ് വിലയിരുത്തൽ. 12 വിളക്കിന് ശേഷം ആയിരിക്കും കൂടുതൽ മലയാളികളായ ഭക്തർ ശബരിമലയിലേക്ക് എത്തുക. സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് വിതരണം ചെയ്യാനായി 21 ലക്ഷത്തിലധികം ടിൻ അരവണയും അപ്പവും സ്റ്റോക്കുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam