വിഷു പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

By Web TeamFirst Published Apr 19, 2019, 6:53 AM IST
Highlights

വിഷു പൂജകള്‍ക്കായി തുറന്ന ശബരിമല നട ഇന്നടയ്ക്കും. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന തീർഥാടന കാലം കഴിയും.

സന്നിധാനം: വിഷു ഉത്സവം കഴിഞ്ഞ് ശബരിമല നട ഇന്നടയ്ക്കും. ബിജെപി അടക്കമുള്ള പാർട്ടികൾ ശബരിമല വിഷയം പ്രചാരണായുധമാക്കി തെരഞ്ഞെടുപ്പ് കൊഴുപ്പിക്കുമ്പോഴും തീർത്ഥാടനകാലം ശാന്തമായാണ് പൂർത്തിയാവുന്നത്.

രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന തീർഥാടന കാലം കഴിയും. സുപ്രീംകോടതി വിധിക്ക് പിന്നാലെയുണ്ടായ സംഘർഷങ്ങളെക്കുറിച്ച് പ്രചാരണ വേദികളിൽ മുന്നണികൾ വാദപ്രതിവാദം നടത്തുമ്പോഴും ശബരിമലയെ അതൊന്നും ഒട്ടും ബാധിച്ചില്ല. സന്നിധാനത്ത് ഉണ്ടാകാറുള്ള നാമജപ പ്രതിഷേധം ഇത്തവണയുണ്ടായില്ല. യുവതികളെ തടയാൻ തമ്പടിക്കുന്ന അയ്യപ്പ കർമ്മസമിതി പ്രവർത്തകരും ഉണ്ടായില്ല. പൊലീസുകാരുടെ എണ്ണവും ഇത്തവണ കുറവായിരുന്നു.

യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യസ്ഥരെന്ന് സർക്കാർ പറയുമ്പോഴും നിലയ്ക്കലും പമ്പയിലുമെല്ലാം പൊലീസ് പ്രായ പരിശോധന കർശനമായി നടത്തി. യുവതികളെത്തിയാൽ നിരുത്സാഹപ്പെടുത്തി തിരിച്ചയക്കണം ആയിരുന്നു പൊലീസിന് ലഭിച്ച നിർദ്ദേശം. നേരത്തെ സ്ത്രീകളെ ശബരിമലയിലെത്തിക്കുന്നതിന് നേതൃത്വം നൽകിയ നവോത്ഥാന കേരളം ശബരിമലയിലേക്കെന്ന കൂട്ടായ്മയും തൽക്കാലം സ്ത്രീകളെ ശബരിമലയിലേക്കെത്തിക്കാനില്ലെന്ന തീരുമാനത്തിലാണ്.

കഴിഞ്ഞ വർഷത്തെ വിഷു സീസണ്‍ അപേക്ഷിച്ച് ഇത്തവണ തീർഥാടകരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. വിഷു ദിനത്തിലെ തിരക്ക് മാറ്റി നിർത്തിയാൽ വിഷു ഉത്സവത്തിന് നട തുറന്ന് ഇതുവരെ ഒന്നേമുക്കാൽ ലക്ഷം ഭക്തർ മാത്രമാണ് എത്തിയത്.

click me!