ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം; ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങള്‍, എൻഡിആര്‍എഫിന്‍റെ ആദ്യ സംഘം സന്നിധാനത്ത്

Published : Nov 19, 2025, 05:58 AM IST
sabarimala crowd

Synopsis

ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ. സ്‌പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തി. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. ശബരിമലയിൽ രാവിലെ മുതൽ തിരക്ക് നിയന്ത്രണവിധേയമാണ്.

പത്തനംതിട്ട: ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ. സ്‌പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തി. പമ്പയില്‍ എത്തിക്കഴിഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപോകാൻ സാഹചര്യമൊരുക്കും. കൂടുതലായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കലില്‍ സൗകര്യമൊരുക്കും. മരക്കൂട്ടം, ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകള്‍ കൂടുതല്‍ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ക്യൂ കോംപ്ലക്സുകളിൽ എല്ലായിടത്തും ഭക്തർക്ക് കുടിവെള്ളം ഉറപ്പാക്കും. കുടിവെള്ളത്തിന് പുറമെ ലഘുഭക്ഷണവും ചുക്കു കാപ്പിയും നൽകും. തിരക്ക് നിയന്ത്രിക്കുന്നതിനായി തൃശൂരിൽ നിന്നുള്ള എൻഡിആര്‍എഫിന്‍റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. ചെന്നൈയിൽ നിന്നുള്ള അടുത്ത സംഘം വൈകിട്ടോടെ എത്തും.

 

രാവിലെ മുതൽ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം

 

അതേസമയം, സന്നിധാനം ഇന്ന് എല്ലാം സാധാരണനിലയിലാണ്. ഇന്ന് നട തുറന്നത് മുതൽ സുഗമമായി ഭക്തർ ദർശനം നടത്തുന്നുണ്ട്. സന്നിധാനത്തെ തിരക്ക് പരിഗണിച്ച് മാത്രമാണ് നിലക്കലിൽ നിന്ന് പമ്പയിലേക്ക് തീർത്ഥടകരെ കടത്തി വിടുന്നത്. ശബരിമലയിലെത്തിയ എൻഡിആര്‍എഫിന്‍റെ ആദ്യ സംഘം ഇന്ന് ചുമതല ഏറ്റെടുക്കും. ശബരിമലയിലേക്കുള്ള ശരണപാതയിലും രാവിലെ മുതൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. പമ്പയിലെയും സന്നിധാനത്തെയും തിരക്കൊഴിവാക്കാൻ നിലയ്ക്കൽ മുതൽ തീർത്ഥാടക വാഹനങ്ങൾ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. പമ്പയിൽ താൽകാലികമായി സ്പോട്ട് ബുക്കിങ് നിർത്തി. നിലയ്ക്കലിൽ ബുക്കിംഗ് കേന്ദ്രങ്ങൾ തുറന്നു. വെർച്ചൽ ക്യൂ ബുക്ക് ചെയ്തവർക്ക് മാത്രം നിലയ്ക്കൽ നിന്ന് പമ്പയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

ഇന്നലെ ശബരിമലയിൽ വലിയരീതിയിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചയോടെ നിയന്ത്രണങ്ങള്‍ പാളിയിരുന്നു. തുടര്‍ന്ന് ദര്‍ശന സമയം അടക്കം നീട്ടി തിരക്ക് നിയന്ത്രിച്ചു. സാധാരണ ആദ്യ ദിവസങ്ങളിൽ ഇത്രയും തിരക് വരാറില്ലെന്നും പെട്ടെന്ന് ജനങ്ങള്‍ കൂടുതലായി എത്തിയതാണ് പ്രശ്നമായതെന്നുമാണ് ഡിജിപി വ്യക്തമാക്കിയത്. 5000 ബസുകളിലായി തീര്‍ത്ഥാടകര്‍ വന്നതായും വന്നവർക്ക് ദർശനം അനുവദിച്ചതായും ഡിജിപി പറഞ്ഞു. ശബരിമലയിൽ ആവശ്യത്തിന് പൊലീസുണ്ട്. സ്‌ത്രീകളുടെയും കുട്ടികളുടെയും എണ്ണം കൂടുതലാണ്. കേന്ദ്ര സേന വൈകാതെ എത്തുമെന്നും പത്തനംതിട്ട കോട്ടയം ജില്ല ഇടത്താവളങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടി തുടങ്ങിയെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം, പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമം, മാരീചന്മാരെ തിരിച്ചറിയണം'; കേരള എംപിമാർക്കെതിരെ ധനമന്ത്രി
ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്