രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതിയുമയി ആദ്യ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത്
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതിയുമയി ആദ്യ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത്. രാഹുൽ തന്‍റെ കുടുംബ ജീവിതം തകർത്തെന്ന് കാട്ടി നാട്ടുകൽ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇയാൾ പരാതി നൽകിയിരുന്നു. പരാതി നല്‍കി ഒരു മാസമായിട്ടും നടപടി ഉണ്ടായില്ലെന്നാണ് യുവാവ് പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ BNS 84 പ്രകാരം കേസ് എടുക്കണമെന്നാണ് ആവശ്യം. മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിന് ഒരാഴ്ച മുമ്പ് ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ബലാത്സംഗ കുറ്റം നിലനിൽക്കുമോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് കോടതി ഉത്തരവിലുണ്ട്.
അതേസമയം ബലാത്സംഗ കേസുകളുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി നൽകിയ ഡി.കെ.മുരളിയെ ഹിയറിംഗ് നടത്താൻ നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്ക്സ് കമ്മിറ്റി തീരുമാനമായി.23ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാനാണ് മുരളിക്ക് നിർദ്ദേശം. മുരളിയുടെ പരാതിയിൽ സാങ്കേതിക പിഴവുണ്ടെന്ന് എത്തിക്സ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ചു. രാഹുലിന്റെ കേസുകൾ ഉയർത്തി വിഷയം ക്രമപ്രശ്നമായി ഉന്നയിക്കാൻ അവസരം നൽകണമെന്നാണ് ഡി.കെ.മുരളിയുടെ ആവശ്യം. ഇത്തരമൊരു ആവശ്യം എന്തിനാണ് എത്തിക്സ് കമ്മിറ്റി പരിഗണിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം. മുരളിക്ക് പിന്നാലെ രാഹുലിനെ കൂടി കേട്ടശേഷമായിരിക്കും കമ്മിറ്റി തീരുമാനം. സാങ്കേതിക നടപടികൾ നീളുന്നതിനാൽ ഈ സമ്മേളനകാലത്ത് അന്തിമനടപടിയുണ്ടാകില്ല. രാഹുലിനെ പുറത്താക്കിയെങ്കിലും എത്തിക്സ് കമ്മിറ്റി അയോഗ്യനാക്കുന്നതിനോട് കോൺഗ്രസിന് യോജിപ്പില്ല എന്നാണ് റിപ്പോർട്ട്.
രാഹുലിന് ജാമ്യം അനുവദിച്ചുള്ള കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ
വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനം എന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. എന്നാൽ നിലവിലെ വിവാഹബന്ധം വേർപ്പെടുത്താതെ എങ്ങനെ മറ്റൊരു ബന്ധത്തിലേക്ക് പോകാൻ കഴിയും ? പരാതിക്കാരിയോ അവരുടെ ഭർത്താവോ വിവാഹബന്ധം വേർപെടുത്താൻ നടപടികൾ സ്വീകരിച്ചിരുന്നില്ല. പീഡനം നടന്നതായി പറയപ്പെടുന്നതിനു ശേഷവും എംഎൽഎയുമായി സൗഹൃദ സംഭാഷണങ്ങൾ ഉണ്ടായിട്ടുണ്ട്. വാട്സ്ആപ്പ് ചാറ്റുകൾ അടക്കം തെളിവായി പ്രതിഭാഗം സമർപ്പിച്ചരുന്ന്. കേസിൽ ബലാത്സംഗം കുറ്റം നിലനിൽക്കുന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്ന നിഗമനത്തിലേക്കും കോടതി എത്തി. കുറ്റകൃത്യം നടന്നശേഷം പരാതി നൽകാൻ ഉണ്ടായ കാലതാമസവും കോടതി ഗൗരവമായി പരിഗണിച്ചു. അറസ്റ്റിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയ കോടതി എസ്ഐടിക്ക് ഇനി പ്രതിയെ കസ്റ്റഡിയിൽ ആവശ്യമില്ല എന്ന നിഗമനത്തിൽ എത്തി. പരാതിക്കാരിയെ ഭീഷണിപ്പെടുത്തരുത് എന്നത്, അടക്കമുള്ള വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ പതിനൊന്നാം തീയതി രാത്രി പാലക്കാട്ടേ ഹോട്ടലിൽ നിന്ന് അതീവ രഹസ്യമാടീ ക്രൈം ബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്.



