
പത്തനംതിട്ട: അഞ്ചാം ദിനവും ശബരിമല തീർത്ഥാടകരുടെ ദുരിതം തുടരുന്നു. തിരക്ക് കാരണം പലരും മല ചവിട്ടാതെ മടങ്ങുകയാണ്. അതിനിടെ, കൂട്ടം തെറ്റിയ കുഞ്ഞയ്യപ്പന്‍റെ കരച്ചില്‍ അടക്കം ഏവരുടെയും മനസലിയിപ്പിക്കുന്ന ദൃശ്യങ്ങളും ശബരിമലയില്‍ നിന്ന് പുറത്ത് വരുന്നുണ്ട്. നിലയ്ക്കലിലെ തിരക്കില്‍പ്പെട്ട് കൂട്ടം തെറ്റിയ കുഞ്ഞ് കരഞ്ഞുകൊണ്ട് അച്ഛനെ തിരയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പൊലീസിനോട് കൈകൂപ്പി അലറിക്കരയുന്ന കുഞ്ഞയ്യപ്പന്‍ ഒടുവിൽ അച്ഛനെ കണ്ടപ്പോൾ ആശ്വാസത്തോടെ കൈവീശി കാട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം, തിരക്കിൽപ്പെട്ട് മണിക്കൂറുകളോളം ദുരിതത്തിലായ തീർത്ഥാടകർ ശബരിമല ദർശനം നടത്താതെ മടങ്ങി പോകുന്നുണ്ട്. നിലയ്ക്കലിലും മറ്റും കാത്തുകിടന്നവരാണ് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി സന്നിധാനത്ത് ചെയ്യേണ്ട ചടങ്ങുകൾ അവിടെ നടത്തി നാട്ടിലേക്ക് തിരികെ പോകുന്നത്. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലെത്തി ഇരുമുടി അഴിച്ച് നെയ്യഭിഷേകം നടത്തി മാല ഊരി വീടുകളിലേക്ക് മടങ്ങുകയാണ് ചില ഭക്തര്‍. ശബരിമല സന്നിധാനത്ത് ചെയ്യേണ്ട ചടങ്ങുകളാണ് തീർത്ഥാടകർക്ക് പന്തളത്ത് നടത്തേണ്ടി വരുന്നത്. തിരിക്കിൽപ്പെട്ട് നൂറ് കണക്കിന് തീർത്ഥാടകർ ഇങ്ങനെ മടങ്ങുന്നുണ്ട് എന്ന് പന്തളം ക്ഷേത്ര ഭാരവാഹികൾ പറയുന്നു. തിരക്കനുസരിച്ച് ശബരിമലയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നിൽ വന്ന വീഴ്ചയാണ്, തീർത്ഥാടകർക്ക് പന്തളത്തു എത്തി മടങ്ങേണ്ട അവസ്ഥയിൽ എത്തിച്ചതെന്നും അവർ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam