
പത്തനംതിട്ട: ശബരിമല ശ്രീകോവിലിന് ചോർച്ചയുണ്ടായ സംഭവത്തിൽ ദേവസ്വം ബോർഡിന് സംഭവിച്ചത് ഗുരുതര വീഴ്ച. മൂന്ന് മാസം മുമ്പ് എക്സിക്യൂട്ടീവ് ഓഫീസർ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടും ബോർഡ് നടപടി എടുക്കാത്തതാണ് പ്രശ്നം സങ്കീർണമാക്കിയത്. വിഷുമാസ പൂജകൾക്ക് നട തുറന്നപ്പോൾ തന്നെ ശ്രീകോവിലിന്‍റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീഴുന്നത് ശ്രദ്ധയിൽ വന്നതാണെന്ന് ദേവസ്വം പ്രസിഡന്‍റ് കെ അനന്തഗോപൻ തന്നെയാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ഏപ്രിൽ മാസത്തിൽ കണ്ടെത്തിയ ചോർച്ചയുടെ തീവ്രത മൂന്ന് മാസങ്ങൾക്കിപ്പുറം മാധ്യമ വാർത്തകൾക്ക് ശേഷമാണ് ദേവസ്വം ബോർഡ് ഗൗരവത്തിലെടുത്തത്.
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കൃഷ്ണകുമാര വാര്യരാണ് മേൽക്കൂരയുടെ ചോർച്ച പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് ബോർഡിനെ സമീപിച്ചത്. സ്വർണം പാളികൾ പതിച്ച മേൽക്കൂര പൊളിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടണമെന്ന് ഒരു മാസം മുമ്പ് തിരുവാഭരണ കമ്മീഷണർ ജി ബൈജുവും ബോർഡിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്പോൺസർമാരെ കണ്ടെത്തി ശ്രീകോവിൽ നവീകരിക്കുന്നതിനെ പറ്റി ആലോചിച്ചത്. എന്നാൽ ബോർഡ് തന്നെ നിർമ്മാണം നടത്താം എന്ന തീരുമാനത്തിലെത്തിയതിലൂടെ സാമ്പത്തിക പ്രതിസന്ധിയില്ലെന്നത് വ്യക്തമാണ്.
സമയബന്ധിതമായി നിർമ്മാണം നടത്താത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഓഗസ്റ്റ് മൂന്നിന് ശ്രീകോവിലിന്റെ വിദഗ്ധ പരിശോധന നടത്താനാണ് നിലവിലെ തീരുമാനം. നിറപുത്തിരി ആഘോഷത്തിന് നട തുറക്കുന്ന ഓഗസ്റ്റ് മൂന്നിന് ദേവ്സ്വം പ്രസിഡന്‍റ്, തന്ത്രി, ശബരിമല സ്പെഷ്യഷൽ കമ്മീഷണർ, തിരുവാഭരണം കമ്മീഷണർ, എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം വിജിലൻസ് എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന.
ശബരിമല ശ്രീകോവിലിൽ ചോർച്ച; ദ്വാരപാലക ശില്പങ്ങള്‍ നനയുന്നു
ശബരിമല ശ്രീകോവിലിലെ ചോർച്ച: പരിഹരിക്കാൻ ഉടൻ നടപടിയെന്ന് ദേവസ്വം പ്രസിഡന്റ്
ശബരിമല ശ്രീകോവിലിലെ ചോർച്ച പരിഹരിക്കാൻ സാങ്കേതികമായ ചില പ്രതിസന്ധികളുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് അനന്ദഗോപൻ. ശ്രീകോവിലിന്റെ മേൽകൂരയുടെ ഒരു ഭാഗം പൊളിച്ചാൽ മാത്രമെ ചോർച്ചയുടെ വ്യാപ്തി അറിയാൻ കഴിയുകയുള്ളു. ഇതിന് തന്ത്രിയുടേയും സ്പെഷ്യൽ കമ്മീഷണറുടേയും സാന്നിധ്യം വേണം. ഉടൻ നടപടിയെടുക്കും. 45 ദിവസത്തിനകം പരിഹാര പ്രക്രിയ പൂർത്തിയാക്കുമെന്നും ദേവസ്വം പ്രസിഡന്റ് വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam