മണ്ഡലപൂജക്കായി ശബരിമല നട നാളെ തുറക്കും: ഇക്കുറി കനത്ത സുരക്ഷയില്ല

By Web TeamFirst Published Nov 15, 2019, 6:33 AM IST
Highlights

കഴിഞ്ഞ തവണ യുവതികളെത്തിയാൽ തടയാൻ ഹിന്ദു സംഘടനകൾ വിവിധ ജില്ലകളിൽ നിന്നും പ്രവർത്തകരെ കൊണ്ടുവന്നിരുന്നു. ഇത്തവണ ഇതുവരെ അത്തരം നീക്കങ്ങളുണ്ടായില്ലെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.

പത്തനംതിട്ട: മണ്ഡലപൂജക്കായി ശബരിമല നട നാളെ വൈകീട്ട് തുറക്കും. യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും കഴിഞ്ഞ മണ്ഡലകാലത്ത് ഒരുക്കിയ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ തൽക്കാലം ഇത്തവണ ശബരിമലയിൽ വേണ്ടെന്നാണ്പൊലീസ് തീരുമാനം. അതേ സമയം ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടായാൽ ക്രമീകരണങ്ങളിൽ മാറ്റം വരുത്തും. ഇതിനകം മുപ്പതിലേറെ യുവതികൾ ദർശനത്തിനായി ഓൺലൈൻ വഴി ബുക്ക് ചെയ്തിട്ടുണ്ട്.

യുവതീ പ്രവശേന വിധി വന്നതിന് പിന്നാലെ സന്നിധാനത്ത് വനിതാ പൊലീസിനെ അടക്കം വിന്യസിച്ചായിരുന്നു കഴിഞ്ഞ സീസണിൽ ശബരിമലയിലെ പൊലീസ് സുരക്ഷ. സന്നിധാനത്തും പമ്പയിലും രണ്ട് ഐജിമാരുടെ നേതൃത്വത്തിൽ എസ്പി മാരെ അണിനിരത്തി ഒരുക്കിയത് വൻ ക്രമീകരണം. എന്നിട്ടും ഉണ്ടായത് സംഘർഷം. എന്നാൽ യുവതീ പ്രവേശനത്തിൽ സർക്കാർ പഴയ പിടിവാശി വിട്ടതോടെ പൊലീസിൻറെ സമ്മർദ്ദം കുറഞ്ഞു. ഇത്തവണ ഐജിമാർ ക്യാംപ് ചെയ്ത് സുരക്ഷയൊരുക്കാനില്ല. പമ്പയിലും സന്നിധാനത്തും നിലക്കലും ചുമതല മൂന്ന് എസ്പിമാരുടെ നേതൃത്വത്തിൽ. 

വനിതാ പൊലീസ് അടക്കം 10,017 പൊലീസുകാരെ വിന്യസിക്കും. കഴിഞ്ഞ തവണ പൊലീസ് സംരക്ഷണയിൽ യുവതികളെത്തിയതാണ് സർക്കാറിനെ ഏറ്റവും അധികം വെട്ടിലാക്കിയത്. മനീതി സംഘം വരുമെന്ന് ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയാണെങ്കിൽ അപ്പോള്‍ തുടർ നടപടികള്‍ തീരുമാനിക്കുമെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം. ഓൺലൈൻ വഴി കഴിഞ്ഞ വർഷം നാല്പതിലധികം യുവതികൾ രജിസ്റ്റർ ചെയ്തെങ്കിലും അഞ്ച് പേർ മാത്രമായിരുന്നു വന്നത്. 

ഇത്തവണ രജിസ്റ്റർ ചെയ്തവരെല്ലാം എത്താൻ സാധ്യതയില്ലെന്നാണ് പൊലീസ് കരുതുന്നത്. യുവതികളെത്തിയാൽ സംരക്ഷണം നൽകാൻ പൊലീസ് തയ്യാറാകില്ല. കഴിഞ്ഞ തവണ യുവതികളെത്തിയാൽ തടയാൻ ഹിന്ദു സംഘടനകൾ വിവിധ ജില്ലകളിൽ നിന്നും പ്രവർത്തകരെ നിശ്ചയിച്ച് കൊണ്ടുവന്നിരുന്നു. ഇത്തവണ ഇതുവരെ അത്തരം നീക്കങ്ങളുണ്ടായില്ലെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ.

click me!