സമാധാനപരമായ തീർത്ഥാടന കാലത്തെ അലങ്കോലപ്പെടുത്താൻ സർക്കാർ കൂട്ടുനിൽക്കില്ല: ദേവസ്വം മന്ത്രി

By Web TeamFirst Published Nov 26, 2019, 10:32 AM IST
Highlights
  • ഒരു സ്ത്രീയെ പരസ്യമായി ആക്രമിക്കാൻ ആരാണ് അവർക്ക് അവകാശം കൊടുത്തത്?
  • എറണാകുളത്തെ ബിജെപി നേതാവിന്റെ നേതൃത്വത്തിലാണ് മുളകുസ്പ്രേ അടിച്ചത്

കണ്ണൂർ: ശബരിമല സന്ദർശനത്തിനായി തൃപ്തി ദേശായിയുടെ നേതൃത്വത്തിലെത്തിയ സംഘത്തിന് പിന്നിൽ ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചന സംശയിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിലെ സമാധാനപരമായ തീർത്ഥാടന കാലത്തെ അലങ്കോലപ്പെടുത്താൻ സർക്കാർ കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ശബരിമല സന്ദർശനത്തിന് വന്നവരെ തിരിച്ചയക്കുമോ എന്ന ചോദ്യത്തിനും തുടർ നടപടി എന്താകുമെന്ന ചോദ്യത്തിനും മന്ത്രി മറുപടി നൽകിയില്ല.

"ബിജെപി സ്വാധീനമുള്ള മഹാരാഷ്ട്രയിൽ നിന്ന് ഒരു സംഘം സ്ത്രീകൾ ശബരിമലയിലേക്ക് പോവുക, പുലർച്ചെ നെടുമ്പാശേരിയിൽ എത്തുക, ഒരു മാധ്യമം മാത്രം അത് അറിയുക, അത് കഴിഞ്ഞ് കോട്ടയം വഴി ശബരിമലയിലേക്ക് പോവുന്നുവെന്ന് പറയുക, പിന്നീട് അവരെ കാണുന്നത് കമ്മിഷണർ ഓഫീസിൽ. അത് മുൻകൂട്ടി അറിഞ്ഞത് പോലെ ഒരു സംഘം പ്രതിഷേധക്കാർ അവിടെ കാത്ത് നിൽക്കുക. സ്ത്രീകളെ ആക്രമിക്കുക. ഇതിന്റെ പിന്നിൽ കൃത്യമായ തിരക്കഥയും അജണ്ടയും ഉണ്ടെന്ന് കരുതുന്നതിൽ തെറ്റില്ല.
ഞാനങ്ങനെ കരുതുന്നു," മന്ത്രി പറഞ്ഞു.

"അവർ(തൃപ്തി ദേശായിയും സംഘവും) കൃത്യമായി പൊലീസ് കമ്മിഷണറുടെ ഓഫീസിലെത്തും എന്ന് അറിഞ്ഞ് പ്രതിഷേധക്കാരും ഇവിടെയെത്തുക. അതിലൊരാളുടെ പക്കൽ മുളകുസ്പ്രേ ഉണ്ടാവുക, അവിടെ വച്ച് അവരെ ആക്രമിക്കുക... വളരെ സമാധാനപരമായി പോവുന്ന ശബരിമല തീർത്ഥാടന കാലത്തെ സംഘർഷഭരിതമാക്കാനും അലങ്കോലപ്പെടുത്താനുമുള്ള ശ്രമമാണ് ഇതിന് പിന്നിൽ. അത് സർക്കാരിന് അനുവദിക്കാനാവില്ല."

"സുപ്രീം കോടതി വിധിയിൽ അവ്യക്തതയുണ്ടെന്ന് നിയമജ്ഞരുടെ കൂടി അഭിപ്രായമാണ്. അത് മാറണമെന്നത് ഗവൺമെന്റിന്റെ നിലപാടാണ്. അത് മാറിയിട്ടില്ല. സർക്കാരിനെ സംബന്ധിച്ച്, ഇതൊരു ക്രമസമാധാന പ്രശ്നമാക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടെന്ന് മനസിലാക്കുന്നു. ശബരിമലയിൽ 2015-16 കാലത്തെ വെല്ലുന്ന തരത്തിൽ തീർത്ഥാടക പ്രവാഹമാണ് ഇത്തവണ ഉണ്ടായത്. അവിടെ അസ്വസ്ഥത ഉണ്ടാക്കാൻ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളാണ് പിന്നിൽ."

ശബരിമല സന്ദർശനത്തിനെത്തിയ യുവതികളാരെങ്കിലും മന്ത്രി എകെ ബാലനെ കണ്ടോ എന്ന് തനിക്കറിയില്ലെന്ന് കടകംപള്ളി വിശദീകരിച്ചു. "സുപ്രീം കോടതി വിധിയിൽ അവ്യക്തത മാറ്റാൻ വേണ്ടിയുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. വേണമെങ്കിൽ തൃപ്തി ദേശായിക്ക് തന്നെ കോടതിയെ സമീപിക്കാം," മന്ത്രി പറഞ്ഞു.

അതേസമയം ബിന്ദു അമ്മിണിയെ കൈയ്യേറ്റം ചെയ്തത് ഗൂഢാലോചനയാണെന്നും മന്ത്രി പറഞ്ഞു. "അതിനെ അംഗീകരിക്കാനാവില്ല. ഒരു സ്ത്രീയെ പരസ്യമായി ആക്രമിക്കാൻ ആരാണ് അവർക്ക് അവകാശം കൊടുത്തത്? എറണാകുളത്തെ ബിജെപി നേതാവിന്റെ നേതൃത്വത്തിലാണ് മുളകുസ്പ്രേ അടിച്ചത്. തൃപ്തി ദേശായിയും സംഘവും എത്തുന്ന വിവരം 
ഇവിടെ പൊലീസ് സംവിധാനം പോലുമറിഞ്ഞില്ല. ഒരു ചാനൽ അവരെ അവിടെ സ്വീകരിക്കാൻ എത്തി. ശബരിമലയിലെ സമാധാന അന്തരീക്ഷം അലങ്കോലപ്പെടുത്താനുള്ള ആ പരിശ്രമങ്ങൾക്ക് കൂട്ടുനിൽക്കാൻ സർക്കാരില്ല," എന്നും കടകംപള്ളി പറഞ്ഞു.
 

click me!