ശബരിമല: വിധി എന്തായാലും ഒറ്റക്കെട്ടായി അംഗീകരിക്കണമെന്ന് സിപിഎം

By Web TeamFirst Published Nov 13, 2019, 1:48 PM IST
Highlights

റിവ്യൂ ഹര്‍ജികളില്‍ കോടതി നിയമാനുസൃതം വിധി പറയും. അത് എന്തായാലും അംഗീകരിച്ച് നടപ്പാക്കുക എന്നതാണ് ഉത്തരവാദിത്വം. മണ്ഡലകാലം അടുത്ത് വരുന്ന ഘട്ടത്തിലാണ് വിധി വരുന്നത്. ഒരു കലാപത്തിന്‍റെ അന്തരീക്ഷത്തിലേക്ക് ബോധപൂര്‍വ്വം കൊണ്ട് പോയാലേ പ്രശ്നങ്ങളുണ്ടാകുകയുള്ളുവെന്നും സിപിഎം

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 56 പുനപരിശോധന ഹര്‍ജികളില്‍ നാളെ വിധി പറയുമ്പോള്‍ അതെന്തായാലും ഒറ്റക്കെട്ടായി കേരളം അംഗീകരിക്കണമെന്ന് സിപിഎം. സുപ്രീംകോടതി വിധി എന്തായാലും അംഗീകരിച്ച് നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനന്തഗോപന്‍ പറഞ്ഞു.

ആദ്യം ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള വിധി വന്നപ്പോള്‍ എല്ലാവരും സ്വാഗതം ചെയ്തതാണ്. അത് നടപ്പാക്കരുതെന്നോ ശരിയല്ലെന്നോ ഒരു ഭാഗത്ത് നിന്നും പ്രതികരണം വന്നില്ല. പിന്നീട് കേരളത്തിലും പത്തനംതിട്ട ജില്ലയിലും രാഷ്ട്രീയമായി അത് ഉപയോഗപ്പെടുത്താന്‍ പരിശ്രമങ്ങള്‍ വന്നപ്പോഴാണ് മറ്റ് പ്രശ്നങ്ങളുണ്ടായത്.

അത്തരത്തിലുള്ള അവസ്ഥ ഇപ്പോഴില്ല. റിവ്യൂ ഹര്‍ജികളില്‍ കോടതി നിയമാനുസൃതം വിധി പറയും. അത് എന്തായാലും അംഗീകരിച്ച് നടപ്പാക്കുക എന്നതാണ് ഉത്തരവാദിത്വം. മണ്ഡലകാലം അടുത്ത് വരുന്ന ഘട്ടത്തിലാണ് വിധി വരുന്നത്. ഒരു കലാപത്തിന്‍റെ അന്തരീക്ഷത്തിലേക്ക് ബോധപൂര്‍വ്വം കൊണ്ട് പോയാലേ പ്രശ്നങ്ങളുണ്ടാകൂ. അല്ലെങ്കില്‍ കലാപമുണ്ടാകില്ല. യുഡിഎഫും പ്രത്യേകിച്ച് ബിജെപിയും രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഇടപെടലുകളാണ് കലാപ അന്തരീക്ഷം സൃഷ്ടിച്ചത്.

സിപിഎം എക്കാലത്തും വിശ്വാസികളുടെ പാരമ്പര്യങ്ങള്‍ക്ക് എതിരല്ല. എന്നാല്‍, അനാചാരങ്ങള്‍ക്കും അന്തവിശ്വാസങ്ങള്‍ക്കും എതിരാണെന്നും അനന്തഗോപന്‍ കൂട്ടിച്ചേര്‍ത്തു.  രാജ്യത്തും കേരളത്തില്‍ പ്രത്യേകിച്ചും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി തുറന്ന ശബരിമല കേസിലെ വിധി കോടതി പുനപരിശോധിക്കുമോ അതോ ഹര്‍ജികള്‍ തള്ളിക്കളയുമോ എന്നാണ് എല്ലാവരും ഒറ്റുനോക്കുന്നത്. ശബരിമല യുവതി പ്രവേശന വിധി വന്ന് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞാണ് പുനപരിശോധനാ ഹര്‍ജികളില്‍ വിധി വരുന്നത്.

വിധിക്കെതിരെയുള്ള 56 പുനഃപരിശോധന ഹര്‍ജികളിലും നിരവധി കോടതി അലക്ഷ്യ ഹര്‍ജികളിലും സുപ്രീംകോടതി തീരുമാനം പറയും. ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം ഭരണഘടന ബെഞ്ചിൽ എത്തിയ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നിലപാടാകും ഇനി സുപ്രീംകോടതി തീരുമാനത്തിൽ നിര്‍ണായകമാവുക. നവംബര്‍ 17- വിരമിക്കുന്ന ഗൊഗോയിക്ക് ഇനി നാളെയും മറ്റന്നാളും കൂടി മാത്രമേ പ്രവൃത്തിദിനങ്ങളായി ബാക്കിയുള്ളൂ. മണ്ഡലകാല പൂജകള്‍ക്കായി ശബരിമല ശനിയാഴ്ച തുറക്കാനിരിക്കേയാണ് സുപ്രീംകോടതി വിധി വരുന്നതെന്നതും ശ്രദ്ധേയമാണ്.

click me!