
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന നിലപാടിൽ നിന്ന് സർക്കാരിന് പിന്നോട്ട് പോകാനാകില്ലെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാര്‍. പരിഷ്കരണ ചിന്തയിൽ നിന്ന് പിൻമാറിയാൽ വലിയ തിരിച്ചടി ഉണ്ടാകും. സർക്കാർ നിലപാട് തിരുത്തിയാൽ വലിയ വില നൽകേണ്ടിവരും. സംസ്ഥാന സർക്കാർ നയപരമായ തീരുമാനം ഇക്കാര്യത്തിൽ എടുത്തിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ തലയിൽ കെട്ടിവച്ച് സർക്കാരിന് ഒഴിയാനാകില്ല. പരിഷ്കൃത സമൂഹത്തെ നയിക്കാൻ സർക്കാറിന് കഴിയുമോ എന്നാണ് ചോദ്യമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
യുവതി പ്രവേശനം അടഞ്ഞ അധ്യായമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത് കാഷ്വൽ സ്റ്റേറ്റ്മെന്‍റ് മാത്രമാണ്. അയ്യപ്പ സംഗമം രാഷ്ട്രീയമായി കാണേണ്ടതില്ല. ആഗോള തീർത്ഥാടന കേന്ദ്രത്തിന് വേണ്ടിയുള്ള കൂട്ടായ്മ മാത്രമാണത്. ഇക്കാര്യത്തിൽ രാഷ്ട്രീയ വിവാദം അനാവശ്യമാണെന്നും ആഗോള അയ്യപ്പ സംഗമത്തിൽ കെപിഎംഎസ് പങ്കെടുക്കുമെന്നും പുന്നല ശ്രീകുമാർ വ്യക്തമാക്കി.
യുവതി പ്രവേശനം അടഞ്ഞ അധ്യായമെന്ന് എം വി ഗോവിന്ദൻ
ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണെന്നും അതിന് രാജ്യത്തിന്‍റെ നല്ല അംഗീകാരം കിട്ടിയിട്ടുണ്ടെന്നുമാണ് എം വി ഗോവിന്ദൻ പറഞ്ഞത്. മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ അധികാരത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന്‍റെ പേരാണ് വർഗീയത. ഇത്തരം വർഗീയവാദികൾക്ക് ഒപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികൾക്കൊപ്പമാണ്. യുവതി പ്രവേശനം കഴിഞ്ഞുപോയ അദ്ധ്യായമാണ്. ഇപ്പോൾ അതിനെക്കുറിച്ച് അഭിപ്രായം പറയാനില്ല. യുവതി പ്രവേശനമെന്ന അധ്യായമേ വിട്ടുകളഞ്ഞതാണ്. അയ്യപ്പ സംഗമം ഭൂരിപക്ഷ പ്രീണനമാണെന്നാണ് വര്‍ഗീയവാദികള്‍ പറയുന്നത്. എന്നാൽ വിശ്വാസികളെ ഉപയോഗപ്പെടുത്താനാണ് വർഗീയവാദികൾ ശ്രമിക്കുന്നത്. വിശ്വാസികളെ കൂട്ടിച്ചേർത്തുവേണം വർഗീയവാദികളെ ഫലപ്രദമായി പ്രതിരോധിക്കാനെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.