'പ്രേമചന്ദ്രനെ ആക്രമിക്കേണ്ട കാര്യമില്ല'; ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്തോയെന്ന് തനിക്കറിയില്ലെന്ന് കെ സുരേന്ദ്രൻ

Published : Oct 20, 2025, 02:25 PM IST
 Sabarimala women entry controversy

Synopsis

ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് പൊറോട്ടയും ബീഫും നൽകിയാണെന്ന് പറഞ്ഞ പ്രേമചന്ദ്രനെ ആക്രമിക്കേണ്ട കാര്യമില്ലെന്ന് കെ സുരേന്ദ്രൻ.

പത്തനംതിട്ട: അവിശ്വാസികളായ സ്ത്രീകളെ സർക്കാർ സ്പോൺസർ ചെയ്ത് മലകയറ്റിയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് പൊറോട്ടയും ബീഫും നൽകിയാണെന്ന് പറഞ്ഞ എൻ കെ പ്രേമചന്ദ്രൻ എംപിയെ ആക്രമിക്കേണ്ട കാര്യമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്തോ എന്ന് തനിക്ക് അറിയില്ല. 2018 ൽ ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റാൻ സിപിഎം തീരുമാനിച്ചപ്പോൾ ഒരു കോൺഗ്രസുകാരനെയും കണ്ടില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ശബരിമല; എസ്ഐടി അന്വേഷണത്തിന് പരിഹാസം

ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ കോൺഗ്രസിന്‍റെ ജാഥാ ക്യാപ്റ്റൻ മുങ്ങുമോ? മൈക്ക് ഓഫ് ആക്കുന്ന സമയത്താണ് കെ മുരളീധരൻ വന്നതെന്ന് കെ സുരേന്ദ്രൻ പരിഹസിച്ചു. ശബരിമലയിലെ എസ്ഐടി അന്വേഷണം കോഴിയെ കുറുക്കനെ ഏൽപിച്ച പോലെയാണ്. തിരക്കഥ അനുസരിച്ച് ആണ് അന്വേഷണം. എസ്ഐടി അന്വേഷണത്തിന് മുൻപ് പിണറായി കടകംപള്ളിയെ വിളിപ്പിച്ചു. എന്താണ് നടന്നത് എന്ന് പിണറായിക്ക് അറിയാം. തട്ടിപ്പിന്‍റെ പങ്ക് രാഷ്ട്രീയ നേതകൾക്കിലേക്ക് പോയിട്ടുണ്ട്. പക്ഷെ അവരിലേക്ക് ഒന്നും അന്വേഷണം പോകില്ല. എല്ലാ തട്ടിപ്പും മന്ത്രി വാസവനും ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്തിനും അറിയാം. കടകംപള്ളിക്ക് പോറ്റിയുമായി പല ഇടപാടുകളും ഉണ്ട്. പിണറായിക്കും പോറ്റിയെ അറിയാം. ശബരിമല ഉൾപ്പടെ ക്ഷേത്രങ്ങളിൽ നിന്ന് കൊള്ള നടത്താൻ സിപിഎം രാഷ്ട്രീയ തീരുമാനം എടുത്തിരുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. ശബരിമലയിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ വരുമെന്നും സുരേന്ദ്രൻ സൂചിപ്പിച്ചു. ഇവിടെ കൊള്ളയുടെ യഥാർത്ഥ കാര്യങ്ങൾ പുറത്തു വന്നില്ലെങ്കിൽ ഇവിടെ മറ്റ് ഏജൻസി ഉണ്ടെന്ന കാര്യം മറക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രേമചന്ദ്രൻ പറഞ്ഞത്...

ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിച്ചത് പൊറോട്ടയും ബീഫും നൽകിയാണെന്ന് യുഡിഎഫിന്‍റെ വിശ്വാസ സംരക്ഷണ ജാഥയിലാണ് എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞത്. പൊലീസ് ഉദ്യോ​ഗസ്ഥരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2018ൽ ശബരിമലയിൽ സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ചപ്പോൾ, വിധി പകർപ്പ് കൈയിൽ കിട്ടുന്നതിന് മുമ്പേ 10 മണിക്കൂറിനുള്ളിലാണ് ഡിജിപി അടക്കമുള്ള പൊലീസ് ഉദ്യോ​ഗസ്ഥന്മാരെ വിളിച്ചുവരുത്തി യുദ്ധകാലാടിസ്ഥാനത്തിൽ സ്ത്രീകളെ പ്രവേശിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചതെന്നും പ്രേമചന്ദ്രൻ ആരോപിച്ചു. രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ഉൾപ്പെടെയുള്ളവരെ പാലായിലെ ​ഗസ്റ്റ് ഹൗസിൽ കൊണ്ടുവന്ന് ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്ത് വിശ്വാസത്തെ വികലമാക്കി അതിന് ശേഷം പൊലീസ് വാനിൽ ആരും കാണാതെ കിടത്തിക്കൊണ്ടുവന്ന് പമ്പയിലെത്തിച്ച് മലകയറ്റാൻ നേതൃത്വം കൊടുത്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും ​ഗവൺമെന്റുമാണ് പമ്പയിൽ ആ​ഗോള അയ്യപ്പ സം​ഗമത്തിന് നേതൃത്വം നൽകിയതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

ഇന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞത് ആവർത്തിച്ചു. സിപിഎമ്മിന്‍റെ സൈബര്‍ ആക്രമണം നേരിടുകയാണെന്നും ഇപ്പോഴും ഇക്കാര്യത്തിൽ ഉറച്ചു നിൽക്കുകയാണെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. 2018ലാണ് ശബരിമല സ്ത്രീ പ്രവേശന വിധി വരുന്നത്. മുഖ്യമന്ത്രി സ്ത്രീ പ്രവേശനത്തിന് വേണ്ട ക്രമീകരണം ഒരുക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. പൊലീസ് അകമ്പടിയോടുകൂടിയാണ് രഹന ഫാത്തിമ എത്തിയത്. ബിന്ദു അമ്മിണിയും കനക ദുർഗയും പൊലീസിന്‍റെ സമ്പൂർണ സംരക്ഷണയിലാണ് എത്തിയത്. കോട്ടയത്ത് പൊലീസ് ക്ലബ്ബിൽ വെച്ച് പൊറോട്ടയും ബീഫും ഇവർക്ക് വാങ്ങി നൽകിയെന്ന് ആദ്യം പറഞ്ഞത് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആണ്. തുടർന്ന് കോൺഗ്രസ് നേതാക്കളും ഇതേവിഷയം ആവർത്തിച്ചു. പക്ഷേ താൻ പറഞ്ഞപ്പോൾ മാത്രം വലിയ സൈബർ ആക്രമണം നേരിടേണ്ടിവരുന്നുവെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്