ശബരിമല വിധി പറയാന്‍ ചീഫ് ജസ്റ്റിസ് കോടതിയിലെത്തി; കേരളത്തിൽ ജാഗ്രത

By Web TeamFirst Published Nov 14, 2019, 10:08 AM IST
Highlights
  • ശബരിമല യുവതീ പ്രവേശനം 
  • പരിഗണിക്കുന്നത് ഭരണഘടനാ ബെഞ്ച് 
  • വിധി പറഞ്ഞത് 2018 സെപ്തംബര്‍ 28 ന് 
  • 56 പുനപരിശോധന ഹര്‍ജികൾ
  • വാദം കേട്ടത് ഫെബ്രുവരി ആറിന് 

ദില്ലി: ശബരിമല യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ നിലപാട് അൽപസമയത്തിനകം.  പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ശബരിമലയിൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് സുപ്രീംകോടതി വിധി പറഞ്ഞത് 2018 സെപ്തംബര്‍ 28 നായിരുന്നു. ഇതിന് ശേഷം വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 56 പുനപരിശോധന ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. വിധിയിൽ പുനപരിശോധന ആവശ്യമുണ്ടോ എന്ന കാര്യത്തിലാണ് സുപ്രീംകോടതിയിൽ നിന്ന് തീര്‍പ്പ് പ്രതീക്ഷിക്കുന്നത്.  ഹര്‍ജികളിൽ ഫെബ്രുവരി ആറിന് കോടതി വാദം കേട്ടിരുന്നു. 

അയോധ്യ വിധിക്ക് സമാനമായ സുരക്ഷാ സംവിധാനങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും കേരളത്തിനകത്തും പുറത്തുമായി രാജ്യം തന്നെ ആകാംക്ഷയോടെ കാത്തിരുന്ന വിധിയാണ് സുപ്രീംകോടതിയിൽ നിന്ന് വരാനിരിക്കുന്നത്. സാധാരണ സാഹചര്യങ്ങളിൽ ഉടനടി തീര്‍പ്പാക്കുന്നതാണ് പുനപരിശോധന ഹര്‍ജികളെന്നിരിക്കെ തുറന്ന കോടതിയിൽ വാദം കേട്ട് ഒമ്പത് മാസത്തിന് ശേഷമാണ് സുപ്രീംകോടതി ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളിൽ തീര്‍പ്പ് പറയുന്നെതെന്നതും ശ്രദ്ധേയമാണ്. പതിവ് പോലെ പത്ത് മണിക്ക് തന്നെ ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍ കോടതിയിലെത്തി.

Read more at: ശബരിമല പുനപരിശോധനാ ഹര്‍ജി: നിയുക്ത മേൽശാന്തിയുടെ പ്രതികരണം...

ശാരീരികാവസ്ഥയുടെ പേരിൽ സ്ത്രികളോട് വിവേചനം കാണിക്കുന്നത് മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നാണ് യുവതീ പ്രവേശന വിധിയിൽ അന്ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് അധികാരമേറ്റ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ അധ്യക്ഷതയിൽ  ഫെബ്രുവരി ആറിന് മൂന്നരമണിക്കൂറാണ് പുനപരിശോധന ഹര്‍ജികളിൽ സുപ്രീംകോടതി വാദം കേട്ടത്. വിശ്വാസം സംരക്ഷിക്കണം, പൊതു സ്ഥലത്തെ തുല്യതാ വാദം ആരാധനാലയങ്ങൾക്ക് ബാധകമല്ല, ഭരണഘടനാ അവകാശങ്ങൾ ഉന്നയിക്കുന്പോൾ ആരാധനാലയങ്ങളിലെ പ്രതിഷ്ഠയുടെ സ്വഭാവം കണക്കിലെടുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പുനപരിശോധനാ ഹര്‍ജികളിലെ വാദങ്ങൾ .

Read more at: ശബരിമല വിധി: സംസ്ഥാനത്ത് കനത്ത ജാഗ്രത; വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെയും നടപടി...

വിശ്വാസത്തിൽ വിവേചനം പാടില്ലെന്ന നിലപാടിൽ ജഡ്ജിമാര്‍ ഉറച്ച് നിന്നാൽ പുനപരിശോധന ഹര്‍ജികൾ തള്ളിപ്പോകും. യുവതീ പ്രവേശന വിധി തള്ളിക്കളയലാണ് അടുത്ത സാധ്യത. കേസ് പരിഗണിക്കാൻ വിശാല ബെഞ്ചിന് വിടലാണ് മൂന്നാമത്തെ സാധ്യത.

Read more at: വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം; ശബരിമല കേസിന്‍റെ നാൾവഴി...

പുനപരിശോധന ഹര്‍ജി സ്വീകരിക്കേണ്ടതുണ്ടോ എന്ന തീരുമാനിക്കുന്ന ഘട്ടത്തിൽ സുരക്ഷ മുൻനിര്‍ത്തി കനത്ത ജാഗ്രതയാണ് സംസ്ഥാനത്ത് ഉടനീളം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിലടക്കം വ്യാജ പ്രചരണങ്ങളോ വിദ്വേഷ പ്രസ്താവനകളോ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 

 

click me!