തിരുവനന്തപുരം: 1991 മുതൽ തുടരുന്ന നിയമപോരാട്ടമാണ് ശബരിമല കേസ്. 2018 സെപ്റ്റംബര്‍ 28ലെ വിധിക്ക് ശേഷം വലിയ വാദങ്ങളും സംഘര്‍ഷങ്ങളുമാണ് ശബരിമലയെ ചൊല്ലി ഉണ്ടായത്. ശബരിമലയിൽ 10 മുതൽ 50 വയസുവരെ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചത് 1991 ഏപ്രിൽ അഞ്ചിലെ കേരള ഹൈക്കോടതി വിധിയെ തുടര്‍ന്നായിരുന്നു.

ചങ്ങനാശ്ശേരി സ്വദേശിയായ എസ് മഹേന്ദ്രൻ അയച്ച ഒരു കത്ത് റിട്ട് ഹര്‍ജിയായി പരിഗണിച്ച് ജസ്റ്റിസുമാരായ കെ. പരിപൂര്‍ണൻ, കെ ബി മാരാര്‍ എന്നിവരുടേതായിരുന്നു ആ വിധി. 15 വര്‍ഷത്തിന് ശേഷം 2006ലാണ് അതിനെതിരെയുള്ള കേസ് സുപ്രീംകോടതിയിലെത്തുന്നത്. ഹര്‍ജി നൽകിയതാകട്ടെ യംങ് ലോയേഴ്സ് അസോസിയേഷനും.

ജസ്റ്റിസുമാരായ അരജിത് പസായത്, ആര്‍ വി രവീന്ദ്രൻ എന്നിവരായിരുന്നു ആദ്യം ഈ കേസ് പരിഗണിച്ചത്. വര്‍ഷങ്ങൾക്ക് ശേഷം 2017ൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലേക്ക് എത്തുന്നതോടെയാണ് ശബരിമല കേസിൽ വഴിത്തിരിവുണ്ടാകുന്നത്. 2017 ഒക്ടോബര്‍ 13ന് കേസ് ഭരണഘടന ബെഞ്ചിലേക്ക് എത്തി. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്ക് പുറമെ, ജസ്റ്റിസുമാരായ റോഹിന്റൻ നരിമാൻ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, എ എം കാൻവീൽക്കര്‍ എന്നിവരായിരുന്നു ഭരണഘടന ബെഞ്ചിൽ.

എട്ട് ദിവസത്തെ വാദം കേൾക്കലിനൊടുവിൽ 2018 സെപ്റ്റംബര്‍ 28ന് ഭരണഘടന ബെഞ്ച് വിധി പറഞ്ഞു. ഭരണഘടന ബെഞ്ചിലെ നാല് ജഡ്ജിമാര്‍ യുവതീപ്രവേശനം ശരിവെച്ചപ്പോൾ ബെഞ്ചിലെ ഏക വനിത ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ വിധി ആചാരാനുഷ്ഠാനങ്ങളെ അനുകൂലിച്ചായിരുന്നു. വിശ്വാസത്തിനുള്ള ഭരണഘടന അവകാശം എല്ലാവര്‍ക്കും ഒരുപോലെ ആകണം എന്നതായിരുന്നു ഭൂരിപക്ഷ വിധി.

വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കങ്ങൾ വലിയ വിവാദങ്ങൾക്കും സംഘര്‍ഷങ്ങൾക്കും വഴിവെച്ചു. വിധിക്കെതിരെ 56 പുനഃപരിശോധന ഹര്‍ജികൾ സുപ്രീംകോടതിയിലെത്തി. ഫെബ്രുവരി ആറിന് ഒറ്റദിവസത്തെ വാദം കേൾക്കലിന് ശേഷം കേസ് വിധി പറയാൻ മാറ്റിവെച്ചു. ഒമ്പത് മാസത്തിനും എട്ട് ദിവസത്തിനും ശേഷമാണ് ഇപ്പോള്‍ ഈ പുനഃപരിശോധന ഹര്‍ജികളിൽ വിധി വരുന്നത്.