Latest Videos

സഭാ ടിവി പൂട്ടിക്കെട്ടലിന്റെ വക്കിൽ; ഒടിടി സഹായം നൽകുന്ന കമ്പനിക്ക് കരാർ നൽകിയത് എതിർപ്പ് മറികടന്ന്

By Ajitha C PFirst Published Jun 22, 2022, 7:27 AM IST
Highlights

നിയമസഭാ നടപടികൾ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് സഭാ ടിവിയുടെ പിറവി. വെങ്കിടേഷ് രാമകൃഷ്ണൻ ചീഫ് മീഡിയ കൺസൾട്ടന്റായാണ് പ്രവർത്തനം തുടങ്ങിയത്

തിരുവനന്തപുരം: സഭാ ടിവിക്ക് ഒടിടി സഹായം നൽകുന്ന ബിട്രേറ്റ് സൊല്യൂഷന്റെ കരാര്‍ സര്‍ക്കാര്‍ പുതുക്കി നൽകിയത് എഡിറ്റോറിയൽ നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്ന്. ഒടിടി സഹകാരിയെന്ന നിലയിൽ കമ്പനിയുടെ കാര്യക്ഷമതയെ കുറിച്ച് കാര്യമായ പരാതികൾ ഉയര്‍ന്നതോടെ പ്രവര്‍ത്തനം വിലയിരുത്താൻ നിയമസഭ ഐടി വിഭാഗം പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. അതിനിടെ ടെലിവിഷൻ പ്രൊഡക്ഷൻ പൂര്‍ണ്ണമായും അവസാനിപ്പിച്ച സഭാ ടിവിയാകട്ടെ പൂട്ടിക്കെട്ടലിന്റെ വക്കിലുമാണ്.

നിയമസഭാ നടപടികൾ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് സഭാ ടിവിയുടെ പിറവി. വെങ്കിടേഷ് രാമകൃഷ്ണൻ ചീഫ് മീഡിയ കൺസൾട്ടന്റായാണ് പ്രവർത്തനം തുടങ്ങിയത്. ഒടിടി സേവനത്തിന് മാധ്യമപ്രവര്‍ത്തകൻ ജേക്കബ് ജോര്‍ജ്ജ് കൂടി ഡയറക്ടറായ സ്റ്റാര്‍ട്ടപ്പ് കമ്പനി ബിട്രെയിറ്റ് സൊലൂഷന് കരാര്‍ നൽകി. നിയമസഭാ നടപടികൾ ലൈവ് നൽകിയും വിവിധ ചാനലുകളിൽ നിന്ന് ടൈം സ്ലോട്ടുകളെടുത്തും അഭിമുഖങ്ങളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിച്ചുമായിരുന്നു പ്രവര്‍ത്തനം.

സഭാ ടിവിക്ക് വേണ്ടി 2021 മെയ് മാസം വരെ 77 ഡോക്യുമെന്ററികളും 36 വെബ് വീഡിയോയും നിർമ്മിച്ചു. കരാര്‍ ജീവനക്കാരുടെ ശമ്പളമടക്കം ആകെ ചെലവ് 1,72,95043 രൂപ. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് അവസാനിച്ച കരാറുകളൊന്നും പുതുക്കിയിട്ടില്ല. പകരം ആളുകളെ നിയോഗിച്ചിട്ടുമില്ല. ആവശ്യത്തിന് ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് ടിവി പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ സഭാ ടിവി അവസാനിപ്പിക്കുന്നത്. അതേസമയം ഒടിടി കരാര്‍ കമ്പനിയായ ബിട്രെയ്റ്റ് സൊലൂഷന്റെ കരാര്‍ പുതുക്കി. അതും എഡിറ്റോറിയൽ നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്ന്.

സഭ ടിവിക്ക് ഒടിടി പ്ലാറ്റ്ഫോമുണ്ടാക്കാൻ ബിട്രെയിറ്റ് സൊലൂഷന് നൽകിയത് 51,96,000 രൂപയാണ്. സോഷ്യൽ മീഡിയ മാനേജ്മെന്റിന് പ്രതിമാസം രണ്ട് ലക്ഷം രൂപ വേറെ. ഇത്രയൊക്കെയായിട്ടും പ്രവര്‍ത്തനം വിലയിരുത്താൻ തയ്യാറാക്കിയ 20 ഇന മാനദണ്ഡങ്ങളിൽ ഒന്നിനു പോലും ഒപ്പമെത്താൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല പലപ്പോഴും എഡിറ്റോറിയൽ ടീമുമായി നിയമസഭാ സമുച്ചയത്തിനകത്ത് പരസ്യ പോര്‍വിളിയിലേക്ക് വരെ കാര്യങ്ങളെത്തി. സ്പീക്കറുടെ നിര്‍ദ്ദേശ പ്രകാരം നിയമസഭ ഐടി ടീം ബിട്രെയിറ്റ് സൊലൂഷന്റെ പ്രവര്‍ത്തനം വിലയിരുത്തുകയാണ്. ഇതിനിടെയാണ് ലോക കേരള സഭാ വേദിയിലേക്ക് വിവാദ വനിതയെ എത്തിച്ചെന്ന ആക്ഷേപം കൂടി സ്ഥാപനത്തിനെതിരെ ഉയരുന്നത്.
 

click me!