
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ നിയമപ്രകാരം തടവിലായ അലന്‍റെ അമ്മ സബിത ശേഖര്‍ മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതി. അലനും താഹയും ചായകുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റ് ചെയ്തതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമര്‍ശത്തിന് തൊട്ടുപിന്നാലെയാണ് സബിത ശേഖര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ശാരീരികമായി മാത്രമെ അലനെ ജയിലിലടക്കാൻ സാധിക്കുകയുള്ളൂവെന്നും ചിന്തകളെ തടവിലിടാൻ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. നീ ഇപ്പോൾ വായിച്ചു കൂട്ടിയ പുസ്തകങ്ങൾ നിന്‍റെ ചിന്തയെ മൂർച്ച കൂട്ടും. കൂടുതൽ വ്യക്തതയോടെ ജീവിക്കാൻ നിനക്കും സാധിക്കും. എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നു. അവരുടെ ഈഗോകൾ നിരപരാധികളെ തടവിലാക്കുന്നു. ചരിത്രം പരിശോധിച്ചാൽ എല്ലാ സേഛ്വാധിപതികളുടെയും അന്ത്യം ദയനീയമാണ്. അതുകൊണ്ട് ക്ഷമയോടെ കാത്തിരിക്കണമെന്നും നമ്മുടെ സമയം വരുമെന്നും അവര്‍ കുറിച്ചു. അർബൻ സെക്കുലർ അമ്മ എന്നാണ് അവര്‍ കുറിപ്പില്‍ സ്വയം വിശേഷിപ്പിച്ചത്.
അലനും താഹയും മാവോയിസ്റ്റുകളാണെന്ന പൊലീസ് ഭാഷ്യത്തെ പിന്താങ്ങി കഴിഞ്ഞ ദിവസം പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയത് വെറുതയല്ലെന്നും പറയാനാകുമ്പോള്‍ എല്ലാം പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
അലാ ...
നമ്മൾ ഒരിക്കലും പുതുവത്സര ആഘോഷങ്ങൾ ഒന്നും പൊതുവെ നടത്താറില്ലല്ലോ... പക്ഷെ 2020 ന്‍റെ പിറവി അമ്മ പഠിപ്പിക്കുന്ന മക്കളും നിന്‍റെ പ്രിയപ്പെട്ട പ്രേംജിത്ത് മാഷും നിഷ ടീച്ചറും കൂടി അവിസ്മരണീയമാക്കി. നീ ഇല്ലാത്തത് എന്‍റെ സന്തോഷത്തിന് കുറവ് വരുത്തരുത് എന്ന് അവർക്ക് നിർബന്ധമായിരുന്നു.
മോനെ ... അമ്മ ചിലപ്പോഴൊക്കെ തളർന്നു പോവുന്നുണ്ട്... പക്ഷെ നീ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം ഞാൻ ശരിക്കും ആസ്വദിക്കുന്നു - നമ്മൾ എവിടേക്കൊക്കെ യാത്ര പോവണം ... പുതിയ റെസിപ്പികൾ പരീക്ഷിക്കണം ....
ചില സന്ദർഭങ്ങളിൽ എനിക്ക് തോന്നും എനിക്ക് ധൈര്യം വളരെയധികം കൂടുന്നോ എന്ന് ... ഓരോ കാര്യങ്ങൾക്കും നിന്നെ ആശ്രയിക്കുന്ന ഞാൻ എല്ലാം ഒറ്റക്ക് ചെയ്യുന്നു.
നിന്നെ ശാരീരികമായി മാത്രമെ ജയിലിലടക്കാൻ സാധിക്കുകയുള്ളൂ ...നിന്‍റെ ചിന്തകളെ തടവിലിടാൻ ഒരു ഭരണകൂടത്തിനും സാധിക്കില്ല ... ഒരിക്കലും അവർക്ക് നമ്മളെ തോൽപ്പിക്കാൻ സാധിക്കില്ല ... നീ ഇപ്പോൾ വായിച്ചു കൂട്ടിയ പുസ്തകങ്ങൾ നിന്‍റെ ചിന്തയെ മൂർച്ച കൂട്ടും. കൂടുതൽ വ്യക്തതയോടെ ജീവിക്കാൻ നിനക്കും സാധിക്കും അലാ ...
എല്ലാ ഭരണകൂടവും സേഛ്വാധിപതികളെ സൃഷ്ടിക്കുന്നു. അവരുടെ ഈഗോകൾ നിരപരാധികളെ തടവിലാക്കുന്നു ... ചരിത്രം പരിശോധിച്ചാൽ എല്ലാ സേഛ്വാധിപതികളുടെയും അന്ത്യം ദയനീയമാണ്... അതുകൊണ്ട് അലാ ... നമ്മൾ കാത്തിരിക്കുക ക്ഷമയോടെ ... നമ്മുടെ സമയം വരും ...
പ്രതീക്ഷയോടെ,
നിന്‍റെ അർബൻ സെക്കുലർ അമ്മ
സബിത ശേഖർ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam