പൗരത്വ പ്രമേയം : ഒ രാജഗോപാലിന് തെറ്റിയതെവിടെ ? വെട്ടിലായി ബിജെപി

Web Desk   | Asianet News
Published : Jan 02, 2020, 01:47 PM ISTUpdated : Mar 22, 2022, 04:30 PM IST
പൗരത്വ പ്രമേയം : ഒ രാജഗോപാലിന് തെറ്റിയതെവിടെ ? വെട്ടിലായി ബിജെപി

Synopsis

പ്രമേയത്തെ എതിര്‍ത്ത് വോട്ടിടാത്ത ഒ രാജഗോപാലിന്‍റെ നടപടി ബിജെപിയെ ഒട്ടൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. 

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളേയും കേന്ദ്ര നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയ സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിക്കെതിരെയും ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമ്പോൾ പ്രമേയത്തെ എതിര്‍ത്ത് വോട്ടിടാത്ത ഏക എംഎൽഎക്കെതിരെ ബിജെപിക്കകത്ത് അമര്‍ഷം പുകയുന്നു. നിയമസഭയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തിൽ  വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നത് അബദ്ധമല്ല മനപൂര്‍വ്വം തന്നെയാണെന്ന  ഒ രാജഗോപാലിന്‍റെ വിശദീകരണം കൂടി വന്നതോടെ കടുത്ത പ്രതിരോധത്തിലുമായി പാര്‍ട്ടി. 

കേന്ദ്രം പാസാക്കിയ നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ ഇന്ത്യൻ ഭരണഘടനക്ക് അകത്ത് പ്രവര്‍ത്തിക്കുന്ന നിയമസഭക്ക് അധികാരമില്ലെന്നാണ് ബിജെപി ആവര്‍ത്തിക്കുന്നത്. കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ രാജഗോപാൽ എതിർത്ത് വോട്ട് ചെയ്യാത്തത് ബിജെപിക്കുള്ളിൽ വലിയ വിമർശനങ്ങൾക്കാണ് ഇടയാക്കിയിട്ടുള്ളത്. സഭ ഏകകണ്ഠമായി പ്രമേയം പാസാക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ഉയരുന്നതിനിടെയാണ് രാജഗോപാൽ വിശദീകരണവുമായി രംഗത്തെത്തിയത്.

തുടര്‍ന്ന് വായിക്കാം: 'എന്തുകൊണ്ട് പൗരത്വ പ്രമേയത്തെ എതിർത്ത് കൈ പൊക്കിയില്ല', വിശദീകരിച്ച് ഒ രാജഗോപാൽ...

139 പേരും ഒപ്പിടുമ്പോൾ ഒരാളുടെ എതിര്‍പ്പിന് എന്ത് പ്രസക്തി എന്ന് കരുതിയാണ് വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നതെന്നാണ് ഒ രാജഗോപാലിന്‍റെ വിശദീകരണം. പ്രസക്തിയില്ലാത്തതിനാൽ എതിർത്തില്ല എന്ന് പറയുന്ന ഒ രാജഗോപാൽ വോട്ട് ചെയ്യാത്തതോടെ പ്രമേയത്തിന്‍റെ കാര്യത്തിൽ  സാങ്കേതികമായി സ്വീകരിച്ചത് നിഷ്പക്ഷ നിലപാടാണ്. 140 പേരുടെയും പിന്തുണയോടെ ഏകകണ്ഠേന പാസാക്കിയ പ്രമേയമാണ് രാഷ്ട്രപതിക്ക് മുന്നിലെത്തുക. 

സര്‍ക്കാര്‍ നടപടിയിൽ എതിര്‍പ്പ് നിയമസഭയിൽ അവതരിപ്പിക്കാൻ ഒരു നടപടിയും ബിജെപി എംഎൽഎയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നാണ് ബിജെപി നിലപാട് എന്നിരിക്കെ  സഭയിൽ അത് രേഖപ്പെടുത്താൻ ചട്ടവിരുദ്ധ പ്രമേയമെന്ന് കാട്ടി ക്രമപ്രശ്നം ഉന്നയിക്കുന്നതടക്കമുള്ള നടപടികൾക്കും ഒ രാജഗോപാൽ തയ്യാറായില്ല. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമരം അടക്കം സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ വലിയ ചെറുത്തുനിൽപ്പാണ് ബിജെപി നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന നിലപാട് ആവര്‍ത്തിച്ച് നേതാക്കൾ ആ‍ഞ്ഞടിക്കുന്നതിനിടെ വിരുദ്ധ നിലപാടുമായി ഏക എംഎൽഎ നിയമസഭയിൽ രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്. 

തുടര്‍ന്ന് വായിക്കാം:  പ്രമേയം പാസ്സാക്കിയവർ ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരുമെന്ന് കെ സുരേന്ദ്രന്‍...

നിയമസഭയുടെ വിലപ്പെട്ട സമയം കളയുന്നത് എന്തിനാണ് എന്ന വിചിത്രമായ ചോദ്യം ചോദിച്ച ഒ രാജഗോപാലിനെതിരെ കടുത്ത അമര്‍ഷം പുകയുമ്പോഴും ഇതുവരെ പരസ്യ പ്രതികരണത്തിന്  നേതാക്കളാരും തയ്യാറായിട്ടില്ല. പൗരത്വ ഭേദഗതിയെ വെല്ലുവിളിച്ച് പ്രമേയം പാസാക്കിയ സർക്കാർ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് വിശദീകരിച്ച കേന്ദ്രമന്ത്രി വി മുരളീധരൻ ഒ രാജഗോപിലിന്‍റെ നിയമസഭയിലെ നടപടിയോട് പ്രതികരിക്കാൻ തയ്യാറായില്ല.  ഒ രാജഗോപാലിനോട് സംസാരിച്ചിട്ടില്ല .മാധ്യമങ്ങളിലെ  പ്രതികരണത്തിനപ്പുറം മറ്റൊന്നും അറിയില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.

പൗരത്വ ഭേദഗതിക്കെതിരായ പ്രമേയത്തെ എതിര്‍ത്ത് വോട്ടിടാതിരുന്ന ഒ രാജഗോപാൽ ആഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്കുള്ള സംവരണം എടുത്തുകളഞ്ഞതിനെതിരായ പ്രമേയത്തെ അനുകൂലിച്ചതും ബിജെപിക്ക് തിരിച്ചടിയായി. കേന്ദ്രത്തിന്‍റെ ആ  നടപടിയോടും യോജിപ്പില്ലെന്നാണ് ഒ രാജഗോപാൽ പറയുന്നത്. ഒരു ജനസമൂഹത്തിന്‍റെ എതിര്‍പ്പ് വാങ്ങിവക്കേണ്ട കാര്യമെന്തെന്നാണ് ഒ രാജഗോപാലിന്‍റെ ചോദ്യം.

തുടര്‍ന്ന് വായിക്കാം: ലോക്സഭയിലെ ആഗ്ലോ ഇന്ത്യന്‍ സംവരണം കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചു: നിയമസഭകളിലെ സംവരണത്തില്‍ അവ്യക്...

വിവിധ പ്രമേയങ്ങള്‍ അവതരിപ്പിക്കാൻ വിളിച്ചുചേര്‍ത്ത കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്‍റെ തുടക്കത്തിൽ തന്നെ ഏക ബിജെപി എംഎൽഎയായ ഒ രാജഗോപാലിന് അമളി പറ്റിയിരുന്നു. സഭാ നടപടികളിൽ ആദ്യം തന്നെ പ്രതിഷേധിച്ചതാണ് അദ്ദേഹത്തിന് വിനയായത്.

തുടര്‍ന്ന് വായിക്കാം: വിഷയം തെറ്റി പ്രതിഷേധം; നിയമസഭയില്‍ ഒ രാജഗോപാലിന് അമളി...

സ്പീക്കർ തെരഞ്ഞെടുപ്പിൽ പി ശ്രീരാമകൃഷ്ണന് അനുകൂലമായി വോട്ട് ചെയ്ത രാജഗോപാലിന്‍റെ നടപടി ബിജെപിയിൽ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളം മുഴുവൻ ഒപ്പമുണ്ട്, 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി; മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരെ ചേർത്തുപിടിച്ച് സർക്കാർ
ഇനി ഓർമ്മ, ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഒദ്യോഗിക ബഹുമതികളോടെ പൂർത്തിയായി