
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വർണം പൂശിയ കട്ടിളയും ചെമ്പ് എന്നു രേഖപ്പെടുത്തി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറിയെന്ന് രേഖകൾ.ഇതുസംബന്ധിച്ച് 2019 മേയ് 18ന് തയാറാക്കിയ രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ചെമ്പ് എന്ന് രേഖപെടുത്തി ആണ് സ്വർണ്ണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈ മാറിയതെന്നാണ് രേഖകൾ. അന്നത്തെ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു, എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ എന്നിവർ തയാറാക്കിയ മഹസറിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായ ബി.മുരാരി ബാബു അടക്കം 8 ഉദ്യോഗസ്ഥർ ഒപ്പുവച്ചിട്ടുണ്ട്.
ശ്രീകോവിലിലെ കട്ടിളയിൽ പൊതിഞ്ഞിരിക്കുന്ന ‘ചെമ്പു’പാളികളിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചെലവിൽ സ്വർണം പൂശുന്നതിനും കട്ടിളയിൽ പൊതിഞ്ഞിരിക്കുന്ന പാളികൾ ഇളക്കി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഏൽപിക്കുന്നു എന്നാണ് രേഖകൾ. നാലേകാൽ കിലോയോളം തൂക്കം സ്വർണ്ണം പൊതിഞ്ഞ പാളികളാണ് ചെമ്പെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയത്. ഇക്കാര്യം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായ ബി.മുരാരി ബാബു കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ദ്വാരപാലക ശിൽപ്പങ്ങളിൽ പൊതിഞ്ഞ സ്വർണ്ണത്തേക്കാൾ തൂക്കമുള്ള പാളികളാണ് ചെമ്പ് എന്ന് രേഖപ്പെടുത്തി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറിയത്. ഇതിന് ഉദ്യോഗസ്ഥർ കൂട്ടു നിന്നു എന്ന് തെളിയിക്കുന്നതാണ് മഹസർ രേഖകൾ.
സ്വർണ്ണം പൂശിയ ചെമ്പ് പാളികൾ എന്ന് താൻ രേഖപ്പെടുത്തിയപ്പോൾ മുരാരി ബാബു മഹസർ രേഖയിൽ എല്ലായിടത്തും ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയെന്നാണ് മുൻ ശബരിമല മേൽശാന്തി കണ്ഠരര് രാജീവരര് വ്യക്തമാക്കിയത്. പരമ്പരാഗത രീതിയിൽ ചെമ്പ് പാളിക്ക് മുകളിൽ സ്വർണ്ണം പൊതിഞ്ഞപ്പോൾ 4 കിലോയിലധികം സ്വർണ്ണം വേണ്ടി വന്നു. എല്ലാം ചെമ്പാക്കി മാറ്റിയപ്പോൾ പൂശിയ സ്വർണ്ണം എവിടെ എന്നാണ് കണ്ഠരര് രാജീവരര് അടക്കമുള്ളവർ ചോദിക്കുന്നത്.
ദ്വാരപാലക ശിൽപ്പം സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് കള്ളമാണെന്നും തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോകാൻ താൻ അനുമതി കൊടുത്തിട്ടില്ലെന്നും തന്ത്രി കണ്ഠര് രാജീവര് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ശിൽപ്പങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ഇങ്ങോട്ട് എഴുതി ചോദിച്ചതിന്റെ മറുപടി മാത്രമാണ് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam