
കൊച്ചി: യുഡിഎഫ് ജയം ട്വന്‍റി ട്വന്‍റി വോട്ടുകൾ കൂടി കിട്ടിയത് കൊണ്ടാണെന്ന് ട്വന്‍റി ട്വന്‍റി കോർഡിനേറ്റർ സാബു എം ജേക്കബ് (Sabu M Jacob). തൃക്കാക്കരയുടെ മാപ്പല്ല, കേരളത്തിന്‍റെ മാപ്പ് തന്നെയാണ് പിണറായി വിജയന്‍ ജനങ്ങള്‍ കൊടുത്തത്. വീണ്ടും അധികാരത്തിലെത്തിയ സംസ്ഥാന സര്‍ക്കാരിന്‍റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തെ ജനങ്ങള്‍ വിലയിരുത്തിയതിന്‍റെ ഫലമാണ് തൃക്കാക്കരയിലെ ഉപതെരഞ്ഞടുപ്പ് (Thrikkakara By Election) ഫലം. അധികാരം കിട്ടിയാൽ എന്തും ചെയ്യാൻ മടിക്കാത്തവർക്ക് ജനങ്ങൾ കൊടുത്ത മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും സാബു എം ജേക്കബ് വിമര്‍ശിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ അന്തിമ കണക്ക് വരുമ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് ആകെ നേടിയത് 72767 വോട്ടുകളാണ്. 2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളിൽ 2242 വോട്ടിൻറെ വർധനയുണ്ടായി. ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. ആകെ കണക്കിൽ ഒരു വര്‍ഷത്തിനിടെ തൃക്കാക്കരയിൽ ബിജെപിക്ക് 2528 വോട്ട് കുറഞ്ഞു.
Also Read: ഉമയ്ക്ക് ചരിത്ര വിജയം, ഇടതിന് തിരിച്ചടി; യുഡിഎഫിന് വൻ നേട്ടം
തൃക്കാക്കരയില്‍ ബിജെപിക്ക് കെട്ടിവെച്ച കാശ് പോയി!
തൃക്കാക്കരയിൽ ബിജെപി സ്ഥാനാര്‍ത്ഥി എ എൻ രാധാകൃഷ്ണന് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല. കെട്ടിവെച്ച കാശ് തിരികെ ലഭിക്കാന്‍ പോള്‍ ചെയ്തതിന്‍റെ ആറിലൊന്ന് വോട്ട് ലഭിക്കണം എന്നാണ്. ബിജെപിക്ക് 9.57 ശതമാനം വോട്ട് മാത്രമാണ് ആകെ കിട്ടിയത്. മുൻവർഷത്തെക്കാൾ വോട്ടും വോട്ട് ശതനമാവും കുറഞ്ഞത് കെ സുരേന്ദ്രനെ കടുത്ത സമ്മർദ്ദത്തിലാക്കുകയാണ്. പി സി ജോർജ്ജിനെ കൊണ്ടുവന്നിട്ടും ബിജെപിക്ക് ഒരു നേട്ടവുമുണ്ടാക്കാനായില്ല
യുഡിഎഫ്-എൽഡിഎഫ് നേർക്കുനേർ പോരിൽ ബിജപിക്ക് വലിയ റോളില്ലായിരുന്നെങ്കിലും ഇത്ര വലിയ തിരിച്ചടി പാർട്ടി കരുതിയിരുന്നില്ല. സംസ്ഥാന വൈസ് പ്രസിഡമന്‍റ് എ എൻ രാധാകൃഷ്ണനെന്ന മുതിർന്ന നേതാവിനെ ഇറക്കിയത് വലിയ പോരാട്ടത്തിന് തന്നെയായിരുന്നു. പി സി ജോർജിന്‍റെ അറസ്റ്റോടെ ഇരട്ടനീതി വാദം കൃസ്ത്യൻ വോട്ട് നിർണ്ണായകമായ മണ്ഡലത്തിൽ മാറ്റങ്ങൾക്ക് വഴി വെക്കുമെന്നും ബിജെപി പ്രതീക്ഷിച്ചു. പക്ഷേ, ജോർജിനെ ഇറക്കിയിട്ടും താമരയ്ക്ക് വട്ട പൂജ്യം തന്നെ. 12957 വോട്ട് മാത്രമാണ് അക്കൗണ്ടിൽ കയറി കൂടിയത്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥി നേടിയത് 15483 വോട്ടായിരുന്നു. ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥിയുണ്ടായിട്ട് പോലും അന്നുണ്ടാക്കിയ നേട്ടം ട്വന്‍റി ട്വന്‍റിയുടെ അസാന്നിധ്യത്തിൽ ആവർത്തിക്കാനായില്ല എന്നത് എടുത്ത് പറയേണ്ടതാണ്.
Also Read: തൃക്കാക്കരയില്‍ ബിജെപിക്ക് കെട്ടിവെച്ച കാശ് പോയി! ആകെ കിട്ടിയത് 9.57% വോട്ട് മാത്രം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam