
തിരുവനന്തപുരം: തൃക്കാക്കരയിൽ പിടി തോമസിന്റെ പിൻഗാമിയായി അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങൾ പൂര്‍ത്തിയാക്കുമെന്ന് നിയുക്ത എംഎൽഎ ഉമാ തോമസ്. ഇടതുപക്ഷ ഭരണത്തിനെതിരായ വിലയിരുത്തലാണ് തൃക്കാക്കരയിൽ യുഡിഎഫിനുണ്ടായ വൻ വിജയം. പിടിയെ സ്നേഹിച്ച തൃക്കാക്കരക്കാര്‍ തന്നെ കൈവിടില്ലെന്ന് മത്സരത്തിനിറങ്ങിയപ്പോൾ തന്നെ തനിക്കുറപ്പായിരുന്നുവെന്നും ഉമാ തോമസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസി്നറെ ന്യൂസ് അവര്‍ ചര്‍ച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയിരുന്നു തൃക്കാക്കരയുടെ നിയുക്ത എംഎൽഎ.
ജനങ്ങളെ ദ്രോഹിക്കുന്ന വികസനത്തെ തൃക്കാക്കരയിലെ ജനങ്ങൾ പിന്തുണക്കില്ലെന്നാണ് ജനവിധി സൂചിപ്പിക്കുന്നത്. പിടി തോമസിന്റെ പിൻഗാമിയായി അഭിമാനത്തോടെയാണ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. പിടിയുടെ നിലപാടിന്റെ രാഷ്ട്രീയം പിന്തുടരും. വികസന സ്വപ്നങ്ങൾ പാതിവഴിയിലാക്കിയാണ് പിടി പോയത്. അത് പൂര്‍ത്തിയാക്കുമെന്നും ഉമ വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ 'സുവര്‍ണാവസരം' പരാമശം വലിയ രീതിയിൽ വേദനിപ്പിച്ചു. ആ സൗഭാഗ്യം തേടി വരാൻ തൃക്കാക്കരക്കാർ സമ്മതിച്ചില്ല. അദ്ദേഹത്തെ പോലുളള ആളുകൾ അബദ്ധത്തിൽ പോലും അത്തരം വാക്കുകളുപയോഗിക്കരുതായിരുന്നു. അതേറെ വേദനിപ്പിക്കുന്ന വാക്കുകളായിരുന്നു. തനിക്കെതിരെ സൈബറിടങ്ങളിലും പ്രചാരമുണ്ടായി. ഈ വിജയം അത്തരം വാദങ്ങൾക്കും വാക്കുകൾക്കുമുള്ള മറുപടിയാണെന്നും ഉമാ തോമസ് വിശദീകരിച്ചു.
ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന് ശേഷം തൃക്കാക്കരയിൽ ഉമ തോമസിലൂടെ മിന്നും വിജയമാണ് യുഡിഎഫ് നേടീയത്. അഞ്ചാം റൗണ്ടിൽത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടിൽ പി.ടി. തോമസിന്‍റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു. പന്ത്രണ്ട് റൗണ്ടുകളും എണ്ണിത്തീർന്നപ്പോൾ 72770 വോട്ടുകൾ നേടിയാണ് പി ടി തോമസിന്‍റെ പിൻഗാമിയായി മത്സരിച്ച ഉമ തോമസിന്‍റെ മിന്നുംവിജയം. 25,016 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ തോമസിന്‍റെ വിജയം.
മഹാരാജാസിൽ നിന്ന് പി.ടി.യുടെ മനസ്സിലേക്കും, പിന്നെ നിയമസഭയിലേക്കും, ഉമ തോമസ്!