കോൺ​ഗ്രസ് നീക്കങ്ങളോട് പ്രതികരിക്കാതെ സച്ചിൻ പൈലറ്റ്: സ്പീക്കറുടെ നോട്ടീസിനെതിരെ സുപ്രീംകോടതിയെ സമീപിക്കും

By Web TeamFirst Published Jul 16, 2020, 5:06 PM IST
Highlights

ബിജെപിയിലേക്ക് ഇല്ലെന്ന് ഇന്നലെ സച്ചിൻ പൈലറ്റ് പ്രഖ്യാപിച്ചു. എന്നാൽ 17 എംഎൽഎമാരുമായി സച്ചിൻ ഇപ്പോഴും ദില്ലിക്കടുത്ത് ഗുഡ്ഗാവിൽ കഴിയുകയാണ്.

ദില്ലി: രാജസ്ഥാനിൽ കോൺഗ്രസ് നീക്കങ്ങളോട് അനുകൂലമായി പ്രതികരിക്കാതെ സച്ചിൻ പൈലറ്റ്. സ്പീക്കറുടെ നോട്ടീസിനെതിരെ സച്ചിൻ സുപ്രീംകോടതിയെ സമീപിച്ചേക്കും. സർക്കാരിനുള്ള ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും എല്ലാ വഴികളും തേടുന്നുണ്ടെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു

ബിജെപിയിലേക്ക് ഇല്ലെന്ന് ഇന്നലെ സച്ചിൻ പൈലറ്റ് പ്രഖ്യാപിച്ചു. എന്നാൽ 17 എംഎൽഎമാരുമായി സച്ചിൻ ഇപ്പോഴും ദില്ലിക്കടുത്ത് ഗുഡ്ഗാവിൽ കഴിയുകയാണ്. അഹമ്മദ് പട്ടേൽ ഇന്നലെയും ഇന്നും സച്ചിനുമായി സംസാരിച്ചു. എന്നാൽ പഴയ നിലപാടിൽ സച്ചിൻ ഉറച്ചു നില്ക്കുകയാണ്. പാർട്ടിയിൽ തുടരുകയാണെന്നും സച്ചിൻ പറയുന്നു. അയോഗ്യനാക്കാനുള്ള നീക്കം ചെറുക്കാനുള്ള തന്ത്രമാണോ ഇതെന്ന് കോൺഗ്രസ് സംശയിക്കുന്നു. 

ബിജെപിയുമായി സച്ചിൻ ഏഴു മാസമായി ചർച്ച നടത്തുകയായിരുന്നു എന്ന് അശോക് ഗെലോട്ട് തുറന്നടിച്ചു. സച്ചിൻ പൈലറ്റുമായി സമവായത്തിനു ശ്രമം വേണ്ടെന്നാണ് ഗെലോട്ടിൻറെ നിലപാട്. ഗെലോട്ടിനൊപ്പം ഇപ്പോൾ 90 കോൺഗ്രസ് എംഎൽഎമാരാണ് ഉള്ളത്. 13 സ്വതന്ത്രർ ഗെലോട്ടിനെ പിന്താങ്ങുന്നു. ഈ സ്വതന്ത്രർ കാലുമാറുമോ എന്ന ഭയം കോൺഗ്രസിനുണ്ട്. 

ബിജെപിയിലെ ചില എംഎൽഎമാരെയും കോൺഗ്രസ് ബന്ധപ്പെടുന്നുണ്ട്. സച്ചിനൊപ്പമുള്ള മൂന്നു പേർ മടങ്ങുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. തൽക്കാലം ഗെലോട്ട് വിജയിച്ചെങ്കിലും ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് തന്നെയാണ് മുതിർന്ന നേതാക്കൾ നൽകുന്ന സൂചന.

click me!