
കോഴിക്കോട്: കോഴിക്കോട് കണ്ണപ്പന്‍കുണ്ടിലെ പ്രളയ ബാധിതരുടെ ദുരിതം അവസാനിക്കുന്നില്ല. പ്രളയത്തില്‍ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ വീട്ടിലാണ് ഭിന്നശേഷിക്കാരനായ സാദിഖിന്‍റെയും ഭാര്യ സീനത്തിന്‍റെയും താമസം. കഴിഞ്ഞ ദിവസത്തെ മഴയില്‍ മരം വീടിനു മുകളില്‍ വീണിട്ടും അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് സാദിഖ് പറയുന്നു.
കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലില്‍ കണ്ണപ്പന്‍കുണ്ട് ദുരിതക്കയത്തിലായപ്പോള്‍ സാദിഖും കുടുംബവും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വീടിനു പിന്നിലെ മണ്‍തിട്ട ഇടിഞ്ഞുവീണ് വീടിന്‍റെ പാതി ഭാഗം മണ്ണില്‍ മൂടി. പിന്നെ 17 ദിവസം ദുരിതാശ്വാസ ക്യാംപിലായിരുന്നു. അതുകഴിഞ്ഞ് എട്ടു മാസം പഞ്ചായത്ത് ഏര്‍പ്പെടുത്തിയ വാടകവീട്ടിലായിരുന്നു സാദിഖു കുടുംബവും. ഒടുവില്‍ മകളുടെ വിവാഹത്തോട് അനുബന്ധിച്ചാണ് സാദിഖും കുടുംബവും വീട്ടിലേക്ക് തിരിച്ചെത്തിയത്. അടിയന്തര സഹായമായ പതിനായിരം രൂപയല്ലാതെ വീട്ടില്‍ നിറഞ്ഞ മണ്ണ് നീക്കാനോ സംരക്ഷണഭിത്തി നിര്‍മിക്കാനോ ആരില്‍ നിന്നും സഹായം കിട്ടിയില്ല. ഒടുവില്‍ ശാരീരിക അവശതകള്‍ മറന്ന് സാദിഖ് തന്നെ മണ്ണ് നീക്കം ചെയ്തു.
ഇത്തരത്തില്‍ ഏറെ പ്രയാസപ്പെട്ട് വീട്ടില്‍ താമസം ആരംഭിച്ച് നാളുകള്‍ കഴിയും മുമ്പാണ് കനത്ത മഴയില്‍ മരംകടപുഴകി വീടിനുമേല്‍ പതിച്ചത്. മറ്റൊരു വ്യക്തിയുടെ ഭൂമിയില്‍ നില്‍ക്കുന്ന മരങ്ങള്‍ വെട്ടി നീക്കണമെന്നാവശ്യപ്പെട്ട് പലവട്ടം അപേക്ഷ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. കണ്ണപ്പന്‍കുണ്ടിലെ പുനര്‍നിര്‍മാണം വൈകുന്നത് സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ജില്ലാകളക്ടര്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ സാദിഖും അപേക്ഷ നല്‍കിയിരുന്നു.
പക്ഷേ ഇതുവരെ നടപടിയൊന്നും ആയിട്ടില്ല. അതേസമയം, സാദിഖിന്‍റെ വീടിനു ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ ഉടനടി മുറിച്ചുനീക്കുമെന്ന് പതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് പി ആര്‍ രാഗേഷ് അറിയിച്ചു. വന്‍ ചെലവു വരുമെന്നതിനാല്‍ സംരക്ഷണഭിത്തി നിര്‍മിക്കുന്നതിന് പഞ്ചായത്തിന് പരിമിതികള്‍ ഉണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam