ഒളിവിൽ കഴിഞ്ഞ ഫ്ലാറ്റിലേക്ക് ലിഫ്റ്റിലൂടെ പൊലീസെത്തി, രണ്ടാമത്തെ ലിഫ്റ്റിലൂടെ പ്രവീൺ മുങ്ങി, പൊലീസിന് വീഴ്ച

By Web TeamFirst Published Jan 9, 2023, 1:33 PM IST
Highlights

രണ്ടു പൊലീസുകാരായിരുന്നു പരിശോധനയ്ക്കായെത്തിയത്. ഒരു ലിഫ്റ്റില്‍ കയറി ഇരുവരും മുകളിലേക്ക് പോകുന്നതിനിടെ റാണ മറ്റൊരു ലിഫ്റ്റില്‍ താഴെക്കിറങ്ങി.

കൊച്ചി : സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണയെ പിടിക്കുന്നതില്‍ പൊലീസിന് വീഴ്ച. കൊച്ചി ചിലവന്നൂരിലെ ഫ്ളാറ്റില്‍ പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തിന്‍റെ കണ്ണുവെട്ടിച്ച് റാണ രക്ഷപെട്ടു. ഒരു ലിഫ്റ്റിലൂടെ പൊലീസ് പരിശോധനയ്ക്ക് കയറിയപ്പോള്‍ മറ്റൊരു ലിഫ്റ്റിലൂടെ റാണ രക്ഷപെടുകയായിരുന്നു. റാണയുടെ നാല് കാറുകള്‍ പൊലീസ് പിടിച്ചെടുത്തു. 

കോടികള്‍ നിക്ഷേപം സ്വീകരിച്ച് മുങ്ങിയ റാണയ്ക്കായി തെരച്ചില്‍ തുരുന്നതിനിടെയാണ് കൊച്ചി ചെലവന്നൂരിലെ സുഹൃത്തിന്‍റെ ഫ്ളാറ്റില്‍ റാണയുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. രണ്ടു പൊലീസുകാരായിരുന്നു പരിശോധനയ്ക്കായെത്തിയത്. ഒരു ലിഫ്റ്റില്‍ കയറി ഇരുവരും മുകളിലേക്ക് പോകുന്നതിനിടെ റാണ മറ്റൊരു ലിഫ്റ്റില്‍ താഴെക്കിറങ്ങി. ഫ്ളാറ്റില്‍  റാണയില്ലെന്ന് മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മറ്റൊരു കാറില്‍ പ്രതി രക്ഷപ്പെട്ടെന്ന് കണ്ടെത്തി. റാണയുടെ ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയക്കുകയും ചെയ്തു. 

ട്രാഫിക് ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍  വാഹനം അങ്കമാലി ഭാഗത്തേക്കാണ് പോയതെന്നു വ്യക്തമായി. അങ്കമാലിയില്‍ വച്ച് വാഹനം തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയെങ്കിലും റാണയുടെ സുഹൃത്തുക്കള്‍ മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. റാണയെ കലൂരില്‍ ഇറക്കിവിട്ടെന്നാണ് ഇവര്‍ നല്‍കിയ മൊഴി. ഫോണ്‍ സ്വിച്ചോഫ് ആയതിനാല്‍ റാണയുടെ ലൊക്കേഷന്‍ കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല.

റാണയുടെ നാലു കാറുകൾ പൊലീസ് പിടിച്ചെടുത്ത് തൃശൂരിലെത്തിച്ചിട്ടുണ്ട്.  കൊച്ചിയിലെത്തിയ റാണ മുന്‍കൂര്‍ ജാമ്യത്തിനായി അഭിഭാഷകരെ ബന്ധപ്പെട്ടതായും സൂചനകളുണ്ട്. വിവരമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഒപ്പമുള്ളതിനാല്‍ വിവരങ്ങള്‍ പൊലീസില്‍ നിന്ന് വിവരങ്ങള്‍ റാണയ്ക്ക് ചോര്‍ന്നു കിട്ടുന്നുണ്ടോയെന്നും തൃശൂര്‍ സിറ്റി പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവില്‍ 22 കേസുകളാണ് നിക്ഷേപത്തട്ടിപ്പില്‍ റാണയ്ക്കെതിരെ എടുത്തിരിക്കുന്നത്. വിവിധ ജില്ലകളിലെ റാണയുടെ സ്ഥാപനങ്ങളില്‍ ഇന്നും റെയ്ഡ് നടന്നു. നാൽപത്തിയെട്ടു ശതമാനം പലിശ വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്ന് നിക്ഷേപം വാങ്ങിക്കൂട്ടിയാണ് റാണ മുങ്ങിയത്. 

 നിക്ഷേപ തട്ടിപ്പ്: ഫ്ലാറ്റിൽ നിന്ന് മുങ്ങി പ്രവീൺ റാണ, കൊച്ചിയിൽ നിന്ന് നാല് വാഹനങ്ങൾ പിടിച്ചെടുത്തു
 

click me!