
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളിൽ അടിയന്തരമായി സുരക്ഷാ പരിശോധന നടത്താൻ നിർദ്ദേശം. ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് നാളെ തന്നെ റിപ്പോർട്ട് നൽകാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശം. സുരക്ഷിതമല്ലാത്ത കെട്ടിടത്തിൽ രോഗികളോ കൂട്ടിരിപ്പുകാരോ ഇല്ലെന്ന് ഉറപ്പാക്കണണമെന്നും ഇന്ന് ചേർന്ന അടിയന്തര യോഗത്തിൽ നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ് ഡയറക്ടറാണ് യോഗം വിളിച്ച് റിപ്പോർട്ട് തേടിയത്. കോട്ടയത്തെ ദാരുണ മരണത്തിന് പിന്നാലെയാണ് വീണ്ടും ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് തേടൽ എന്ന പതിവ് നടപടി.
പ്രതിഷേധം ശക്തം
അനാസ്ഥ മൂലം കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ചതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. ബിന്ദുവിന്റെ മരണത്തിന്റെ ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യൂത്ത് ലീഗ്, ബിജെപി, യുവമോർച്ച പ്രവർത്തകർ പത്തനംതിട്ടയിലും കോട്ടയത്തും തൃശ്ശൂരിലും കൊല്ലത്തും തിരുവനന്തപുരത്തുമടക്കം പ്രതിഷേധിക്കുകയാണ്. പലയിടത്തും പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി. പൊലീസ് ലാത്തി വീശി. ചിലയിടങ്ങളിൽ ജലപീരങ്കി പ്രയോഗിച്ചു.
പ്രതിഷേധം ശക്തമാകുമ്പോഴും ബിന്ദുവിന്റെ മരണത്തിലുള്ള ഉത്തരവാദിത്വമൊഴിയുകയാണ് മന്ത്രിമാർ. തകർന്ന കെട്ടിടത്തിൽ ആളില്ലെന്ന് അറിയിച്ചത് ഫയർഫോഴ്സാണെന്ന് പറഞ്ഞ് മന്ത്രി വിഎൻ വാസവൻ കയ്യൊഴിഞ്ഞു. തിരച്ചിൽ നടത്തിയില്ലെന്നത് പ്രതിപക്ഷ ആരോപണം മാത്രമാണെന്നും വാസവൻ പറയുന്നു. അതേ സമയം ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് മൗനത്തിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam