വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതിയ സജാദ് തങ്ങള്‍ ജന്മനാട്ടിൽ; 45 വർഷത്തിന് ശേഷം മകനെ കെട്ടിപ്പിടിച്ച് ഉമ്മ

By Web TeamFirst Published Jul 31, 2021, 5:58 PM IST
Highlights

കഴിഞ്ഞ രണ്ട് വർഷമായി  മുംബൈയിലെ സിയാൽ ആശ്രമത്തിൽ കഴിഞ്ഞുവരികയായിരുന്നു സജാദ് തങ്ങൾ. ബന്ധുക്കൾ എത്തിയാണ് നാട്ടിലേക്ക് കൂട്ടികൊണ്ട് വരുന്നത്.

കൊല്ലം: വിദേശത്ത് ജോലിക്ക് പോയി 45 വർഷമായി കാണാതായ കൊല്ലം കാരാളിമുക്ക് സ്വദേശിയായ സജാദ് തങ്ങൾ ജന്മനാട്ടിൽ മടങ്ങിയെത്തി. കഴിഞ്ഞ രണ്ട് വർഷമായി മുംബൈയിലെ സിയാൽ ആശ്രമത്തിലാണ് സജാദ് തങ്ങൾ കഴിഞ്ഞിരുന്നത്. ആശ്രമത്തില്‍ നിന്ന് അറിയിച്ചത് അനുസരിച്ച് ബന്ധുക്കളാണ് സജാദ് തങ്ങളെ നാട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളം എന്ന പരിപാടിയില്‍ സജാദ് തങ്ങളും കുടുംബാംഗങ്ങളും വെര്‍ച്ച്വല്‍ മീറ്റ് വഴി കൂടിക്കാഴ്ച നടത്തിയിരുന്നു.

45 വര്‍ഷം മുന്‍പ് വിമാനാപകടത്തില്‍ മരിച്ചുപോയെന്ന് കരുതിയ മകന്‍ തിരിച്ചെത്തിയതിന്‍റെ സന്തോഷത്തിലാണ് കൊല്ലം ശാസ്താംകോട്ടയിലെ 72 കാരിയായ ഫാത്തിമ ബീവി. 1971ലാണ് സജാദ്  ഗള്‍ഫിലേക്ക് പോയത്. കേരളത്തില്‍ നിന്നുള്ള കലാകാരന്മാരെ ഗള്‍ഫില്‍ വിവിധ കലാപരിപാടിക്കായി എത്തിക്കുന്ന സംഘാടകനായിരുന്നു സജാദ്. ഇത്തരത്തില്‍ സജാദ് സംഘടിപ്പിച്ച  കലാപരിപാടികളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിമാനാപകടം സംഭവിച്ച് നടി റാണി ചന്ദ്രയും കുടുംബാംഗങ്ങളും അടക്കം 956 പേര്‍ മരിച്ചിരുന്നു. സംഘാടകനായ സജാദും ഈ അപകടത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു വീട്ടുകാരും സുഹൃത്തുക്കളും ധരിച്ചിരുന്നത്.

രണ്ട് പെണ്‍മക്കള്‍ക്ക് ശേഷം ഏറെ പ്രാര്‍ത്ഥിച്ചുണ്ടായ മകനായ സജാദ് മരിച്ചെന്ന് മറ്റുള്ളവര്‍ പറഞ്ഞെങ്കിലും വിശ്വസിക്കാന്‍ ഫാത്തിമാ ബീവി തയ്യാറായിരുന്നില്ല. അരനൂറ്റാണ്ടോളം മകന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ഇവര്‍. തന്‍റെ പ്രാര്‍ത്ഥനയാണ് സജാദിനെ കണ്ടെത്താന്‍ സഹായിച്ചതെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ഈ 72കാരി. അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനാണ് ഇന്ന് വിരാമമായത്.

click me!