
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിവാദം കത്തി നിൽക്കെ മറ്റൊരു പോസ്റ്റുമായി യൂത്ത് കോൺഗ്രസ് വനിതാ നേതാവ്. ഇനിയും വൈകിയാൽ പാർട്ടി കനത്ത വില നൽകേണ്ടി വരുമെന്ന് യൂത്ത് കോൺഗ്രസ് വനിതാ നേതാവ് സജന ബി സാജൻ വ്യക്തമാക്കി. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്. ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്. ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണണമെന്നും അവർ പറഞ്ഞു. നേരത്തെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സജന രംഗത്തെത്തിയിരുന്നു.
നേരത്തെ, കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന പീഡന പരാതികളിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവും പ്രസാധകയുമായ എം എ ഷഹനാസും രംഗത്തെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി പറമ്പലിനോട് ഇവനെ പോലെയുള്ള ആളുകൾ വരുമ്പോൾ നമ്മുടെയൊക്കെ പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഷഹനാസ് വെളിപ്പെടുത്തി. ഇവനെ പോലെയുള്ള ആളുകളെ പ്രസിഡണ്ട് ആക്കരുത് എന്ന് ഞാൻ അപേക്ഷിച്ചിട്ടുണ്ട്. ആ വാക്കിന് ഒരു വിലയും തന്നില്ല എന്ന് മാത്രമല്ല നിറഞ്ഞ പരിഹാസവും പുച്ഛവും ആയിരുന്നു മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷനും കോൺഗ്രസ് നേതാവുമായ ഷാഫിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നതെന്ന് ഷഹനാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
'ഒരു പെണ്ണ് ഇരയാക്കപ്പെടുമ്പോൾ ആ പെണ്ണിന് ഒപ്പം മുന്നോട്ടു വരണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു ആളാണ് ഞാൻ. കാരണം കോൺഗ്രസ് എന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായതുകൊണ്ട് ഇരകൾക്കൊപ്പം ആണ് ഞാൻ എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോൾ കോൺഗ്രസിലെ ഒരുപാട് നേതാക്കന്മാർ എന്നെ ചോദ്യം ചെയ്തു സഖാത്തിയായ സുഹൃത്തിനെ സംരക്ഷിക്കാൻ അല്ലേ എന്ന് ചോദിച്ചു കൊണ്ട്. എന്റെ പക്ഷം എന്നും സ്ത്രീപക്ഷം തന്നെയാണ്- ഷഹനാസ് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam