അമ്പലവയലിലേത് ക്രൂരമായ സദാചാര ഗുണ്ടായിസം, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Published : Jul 25, 2019, 09:36 PM ISTUpdated : Jul 25, 2019, 09:47 PM IST
അമ്പലവയലിലേത് ക്രൂരമായ സദാചാര ഗുണ്ടായിസം, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Synopsis

യുവതിയെയും സുഹൃത്തിനെയും സജീവാനന്ദൻ ലോ‍ഡ്ജിലും പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന് പൊലീസ്. കോയമ്പത്തൂർ സ്വദേശിയാണ് യുവതി. യുവാവ് ഊട്ടി സ്വദേശിയും. സജീവാനന്ദനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. 

വയനാട്: അമ്പലവയലിൽ തമിഴ്‍നാട് സ്വദേശികളായ യുവാവിനും യുവതിക്കും നേരിടേണ്ടി വന്നത് ക്രൂരമായ സദാചാര ഗുണ്ടായിസമെന്ന് പൊലീസിന് മൊഴി. ലോ‍‍ഡ്ജിൽ ചെന്നും കേസിലെ പ്രതിയായ സജീവാനന്ദൻ യുവതിയെയും യുവാവിനെയും ശല്യപ്പെടുത്തി. ഇരുവരും എതിർത്തപ്പോൾ പകയോടെ പിന്തുടർന്ന് ആക്രമിച്ചെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. കോയമ്പത്തൂർ സ്വദേശിയായ യുവതിയെ ഇന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ കൂടിയായ സജീവാനന്ദന് വേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്.

ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂർ സ്വദേശിയായ യുവതിയും അമ്പലവയലിൽ എത്തി ഒരു ലോഡ്ജിൽ താമസിക്കുമ്പോൾത്തന്നെ സജീവാനന്ദൻ ഇവരുടെ മുറിയിൽ ഇടിച്ചു കയറി. ഇരുവരോടും അപമര്യാദയായി പെരുമാറി. ഇതിനെ അവർ എതിർത്തതോടെ ബഹളമായി. ഇവർ താമസിച്ച ലോഡ്ജ് ജീവനക്കാരോട് സജീവാനന്ദൻ രണ്ട് പേരെയും ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നമായപ്പോൾ ഒതുക്കാൻ ഇരുവരെയും ലോഡ്ജ് ജീവനക്കാരും പുറത്താക്കി. ഇതിന് ശേഷം സജീവാനന്ദൻ ഇവരെ പിന്തുടർന്ന് അമ്പലവയൽ ടൗണിൽ വച്ച് ആക്രമിക്കുകയായിരുന്നെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. 

Read More: 'നിനക്കും വേണോടീ?', യുവാവിനെ തല്ലുന്നത് എതിർത്ത യുവതിയുടെ കവിളത്തടിച്ച് സജീവാനന്ദൻ

യുവതിയോട് അന്വേഷണസംഘം ഫോണിൽ സംസാരിച്ചു. നാളെ കോയമ്പത്തൂരിലെത്തി പൊലീസ് നേരിട്ട് യുവതിയുടെ മൊഴിയെടുക്കും. ഊട്ടി സ്വദേശിയാണ് തന്‍റെ കൂടെയുണ്ടായിരുന്ന, മർദ്ദനമേറ്റ യുവാവെന്ന് യുവതി പറഞ്ഞു. എന്നാൽ ഇയാളെ കണ്ടെത്താനായിട്ടില്ല. ഇരുവരും ഭാര്യാഭർത്താക്കൻമാരല്ല, സുഹൃത്തുക്കളാണ്. ഇത് കണ്ടാണ് സജീവാനന്ദൻ യുവതിയോട് ലോഡ്ജിൽ വച്ച് അപമര്യാദയോടെ പെരുമാറിയത്. 

അതേസമയം, പ്രതിയായ സജീവാനന്ദനെ ഇതുവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. ഇയാൾക്കായി കർണാടകയിൽ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് അറിയിച്ചത്. 

അമ്പലവയലിൽ ഞായറാഴ്ച രാത്രി തമിഴ് യുവാവിനും യുവതിക്കും നേരിടേണ്ടി വന്നത് ക്രൂരമർദ്ദനമാണ്. കാക്കിയിട്ട ഒരാൾ ഒരു യുവാവിനെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നതും, ചവിട്ടുന്നതുമായ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വാർത്തയായത്. കൂടെയുള്ള യുവാവിനെ ക്രൂരമായി മർദ്ദിക്കുന്നത് എതിർക്കാൻ യുവതി ശ്രമിച്ചപ്പോൾ, സജീവാനന്ദൻ യുവതിക്ക് നേരെ തിരിഞ്ഞു.

Read More: ദമ്പതികളെ ക്രൂരമായി തല്ലിയ സജീവാനന്ദൻ പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ, ഒളിവിൽ

''നിനക്കും വേണോ, പറ, നിനക്കും വേണോ എന്ന്? വേണോടീ?'', എന്ന് ചോദിച്ച് സജീവാനന്ദൻ യുവതിയുടെ കവിളത്തടിക്കുന്നു, റോഡിലിട്ട് ചവിട്ടുന്നു. കൂടെ യുവാവിനും മ‍ർദ്ദനം.

അക്രമിയെ അടക്കം പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയെങ്കിലും ആർക്കും പരാതിയില്ലെന്ന് പറഞ്ഞ് കേസ് പൊലീസ് ഒത്തുതീർപ്പാക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം.

ദൃശ്യങ്ങൾ ചുവടെ:

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വാളയാർ ആൾക്കൂട്ടക്കൊലപാതകം: തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ, കൊലപ്പെടുത്തിയത് വടികൊണ്ട് അടിച്ചും മുഖത്ത് ചവിട്ടിയും, റിമാൻഡ് റിപ്പോർട്ട്