വയനാട്: അമ്പലവയലിൽ ഞായറാഴ്ച രാത്രി തമിഴ് യുവാവിനും യുവതിക്കും നേരിടേണ്ടി വന്നത് ക്രൂരമർദ്ദനമാണെന്ന് കണ്ടു നിന്ന നാട്ടുകാർ പറയുന്നു. കാക്കിയിട്ട ഒരാൾ ഒരു യുവാവിനെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നതും, ചവിട്ടുന്നതുമാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ ആദ്യമുള്ളത്. ഇതിനെ എതിർക്കാൻ യുവതി ശ്രമിച്ചപ്പോൾ, സജീവാനന്ദൻ എന്ന അമ്പലവയൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ യുവതിക്ക് നേരെ തിരിഞ്ഞു.

''നിനക്കും വേണോ, പറ, നിനക്കും വേണോ എന്ന്? വേണോടീ?'', എന്ന് ചോദിച്ച് സജീവാനന്ദൻ യുവതിയുടെ കവിളത്തടിക്കുന്നു, റോഡിലിട്ട് ചവിട്ടുന്നു. കൂടെ യുവാവിനും മ‍ർദ്ദനം.

യുവാവും യുവതിയും ഒരു ഓട്ടോയിലാണ് ഞായറാഴ്ച രാത്രി അമ്പലവയൽ ടൗണിലെത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. ഇരുവരും ഓട്ടോയിൽ നിന്ന് ഇറങ്ങി ബത്തേരിക്ക് പോകണമെന്നാണ് ആവശ്യപ്പെട്ടത്. എന്താണ് ദമ്പതികളും സജീവാനന്ദും തമ്മിലുള്ള പ്രശ്നമെന്ന് അറിയില്ലെന്നും നാട്ടുകാർ പറയുന്നു.

അക്രമിയെ അടക്കം പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയെങ്കിലും ആർക്കും പരാതിയില്ലെന്ന് പറഞ്ഞ് കേസ് പൊലീസ് ഒത്തുതീർപ്പാക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം.