182 ദിവസത്തിന് ശേഷം പിണറായി മന്ത്രിസഭയിലേക്ക് സജി ചെറിയാന്‍റെ തിരിച്ചുവരവ്; സത്യപ്രതിജ്ഞ ഇന്ന്

Published : Jan 04, 2023, 02:59 AM IST
182 ദിവസത്തിന് ശേഷം പിണറായി മന്ത്രിസഭയിലേക്ക്  സജി ചെറിയാന്‍റെ തിരിച്ചുവരവ്; സത്യപ്രതിജ്ഞ ഇന്ന്

Synopsis

സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ നടക്കുക. കടുത്ത വിയോജിപ്പോടെ ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവർണർ അനുമതി നൽകിയത്. 

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ നടക്കുക. കടുത്ത വിയോജിപ്പോടെ ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവർണർ അനുമതി നൽകിയത്. അറ്റോർണി ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സജിക്കെതിരായ കേസിൽ കോടതിയുടെ അന്തിമതീർപ്പ് വരാത്ത സാഹചര്യത്തിൽ പ്രശ്നത്തിൽ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നാണ് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചത്.

ചടങ്ങ് പ്രതിപക്ഷം ബഹിഷ്ക്കരിക്കും. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന്‍ പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നത്. നേരത്തെ വഹിച്ചിരുന്ന ഫിഷറീസ് - സാംസ്കാരികം - സിനിമ - യുവജനക്ഷേമ വകുപ്പുകളായിരിക്കും അദ്ദേഹത്തിന്‍റെ ലഭിക്കുക. സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചതിൽ നിർണായകമായത് അറ്റോർണി ജനറൽ നൽകിയ ഉപദേശം തന്നെയായിരുന്നു.

മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ തള്ളിയാൽ മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയെന്ന് വരുമെന്നായിരുന്നു അറ്റോർണി ജനറൽ ഗവർണർക്ക് നൽകിയ നിയമോപദേശം. സംസ്ഥാനത്തെ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. ഭരണഘടന മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നൽകുന്നു. ശുപാർശ മറികടന്നാൽ ഭരണഘടനയെ ഗവർണർ തന്നെ മറികടന്നുവെന്ന് വരുമെന്നും അതിനാൽ വിയോജിപ്പ് രേഖപ്പെടുത്തി അനുമതി നൽകാമെന്നായിരുന്നു ഉപദേശം.

ഇതിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ശക്തമായ വിയോജിപ്പുകളോടെ ഗവർണർ അംഗീകരിച്ചത്. മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സജിയുടെ മടക്കത്തിൽ കടുത്ത വിയോജിപ്പോടെയുള്ള ഗവർണറുടെ അനുമതി ലഭിച്ചത്. പല നിയമവിദഗ്ധരിൽ നിന്നും നിയമോപദേശങ്ങൾ തേടി പരമാവധി സർക്കാരിനെ മുൾമുനയിൽ നിർത്തിയശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ശുപാർശ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചത്.

'മന്ത്രിയാവുന്നതില്‍ സന്തോഷം, ഗവര്‍ണറുടെ വിയോജിപ്പിന് മറുപടിയില്ല, നേതൃത്വം മറുപടി നല്‍കും': സജി ചെറിയാന്‍
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ
ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും