
തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാല വി സി സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാല വൈസ് ചാന്‍സിലറുടെ ചുമതല നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി. സർക്കാർ രാജ്ഭവന് നൽകിയ പട്ടികയില്‍ ഒന്നാമത്തെ പേര് സജി ഗോപിനാഥിന്റേതായിരുന്നു.
സജി ഗോപിനാഥ് അയോഗ്യനാണെന്ന മുൻ നിലപാട് തിരുത്തിയാണ് ഗവർണർ ഉത്തരവിറക്കിയിരിക്കുന്നത്. കെടുയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് സജിയും അയോഗ്യനാണ് എന്നായിരുന്നു രാജ്ഭവന്‍റെ ആദ്യത്തെ നിലപാട്. പുറത്താക്കാതിരിക്കാൻ സജി ഗോപിനാഥിനും ഗവർണ്ണർ നോട്ടീസ് നൽകിയിരുന്നു.
സിസ തോമസ് നാളെ വിരമിക്കുന്ന സാഹചര്യത്തിലാണ് പകരമായി ഡിജിറ്റൽ സർവകലാശാല വിസി സജി ഗോപിനാഥിന് കെടിയു വിസിയുടെ അധിക ചുമതല ഗവർണ്ണർ നൽകിയത്. അതിനിടെ, നാളെ വിരമിക്കുന്ന കെടിയു താൽക്കാലിക വിസി സിസ തോമസിന് സർക്കാർ കുറ്റാരോപണ മെമ്മോ നൽകി. മുൻകൂർ അനുമതിയില്ലാതെ വി സി സ്ഥാനം ഏറ്റെടുത്തതിനാണ് നടപടി. എന്നാൽ സിസ തോമസിന് സസ്പെൻഷൻ നൽകിയില്ല. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് മെമ്മോ നൽകിയത്.
Also Read: കെടിയു വിസി ചുമതല: സിസ തോമസിനെതിരെ വിരമിക്കുന്നതിന് തൊട്ടുമുൻപ് നടപടി