
തിരുവനന്തപുരം: മാസത്തിലെ പത്താം ദിവസമായിട്ടും ഏപ്രിൽ മാസത്തെ ശമ്പളമില്ലാതെ കെഎസ്ആര്‍ടിസി ജീവനക്കാർ. ഇന്ന് ശമ്പളം കൊടുക്കാമെന്ന മന്ത്രിയുടേയും മാനേജ്മെന്റിന്റേയും വാക്ക് പാലിക്കാനാവില്ലെന്നാണ് സൂചന. സർക്കാർ പതിവായി നൽകുന്ന മുപ്പത് കോടി രൂപ ഇന്നലെ നൽകിയെങ്കിലും എല്ലാ ജീവനക്കാർക്കും ശന്പളം നൽകാൻ ഇത് തികയില്ല. ബാക്കി വേണ്ട 55 ലക്ഷം രൂപയ്ക്കായി ബാങ്ക് വായ്പ തരപ്പെടുത്താനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്.
ഇന്ന് അർദ്ധരാത്രി വരെ ശമ്പളത്തിനായി കാത്തിരിക്കുമെന്നാണ് തൊഴിലാളി നേതാക്കൾ പറയുന്നത്. കൂലി കിട്ടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് ആലോചന. ശമ്പളം വന്നില്ലെങ്കിൽ നാളെത്തന്നെ യോഗം ചേർന്ന് പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.
അതേസമയം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഒന്നേകാല്‍ കോടി മുടക്കി ബസ് കഴുകാൻ യന്ത്രം വാങ്ങുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വാഷിംഗ് യൂണിറ്റ് വാങ്ങുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ജീവനക്കാരിൽ നിന്ന് ഉയര്‍ന്നിരുന്നത്. എന്നാല്‍ ശമ്പളത്തിനോ നിത്യ ചെലവുകൾക്കോ മാറ്റിവച്ച തുകയല്ലെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് നല്‍കുന്ന വിശദീകരണം.
കഴിഞ്ഞ മാസത്തെ ശമ്പളം എന്നുകിട്ടുമെന്ന് വ്യവസ്ഥയില്ലാത്ത സ്ഥാനപത്തിൽ ബസ് കഴുകുന്ന യന്ത്രം വാങ്ങാൻ ഒന്നേകാൽ കോടി ചെലവിടുന്നതിനായിരുന്നു വിമര്‍ശനമത്രയും. എന്നാൽ മാനേജ്മെന്റിന് ഇക്കാര്യത്തിലുളളത് വ്യത്യസ്ത വാദമാണ്. നിലവിൽ 425 വാർഷർമാർ ബസ് ഒന്നിന് 25 രൂപ നിരക്കിലാണ് പുറം ഭാഗം കഴുകി വൃത്തി ആക്കുന്നത്. അതൊട്ട് കാര്യക്ഷമവുമല്ല. ഈ സാഹചര്യത്തിലാണ് യന്ത്രം വാങ്ങാൻ തീരുമാനിച്ചതെന്നാണ് മാനേജ്മെന്‍റിന്‍റെ വാദം.