തുച്ഛ ശമ്പളമാണ്, കാടും മലയും താണ്ടുന്ന ഈ ഏകാധ്യാപകർക്കായി സർക്കാരിന് പണമില്ലേ?

Web Desk   | Asianet News
Published : Feb 29, 2020, 12:56 PM ISTUpdated : Feb 29, 2020, 01:37 PM IST
തുച്ഛ ശമ്പളമാണ്, കാടും മലയും താണ്ടുന്ന ഈ ഏകാധ്യാപകർക്കായി സർക്കാരിന് പണമില്ലേ?

Synopsis

''ഞങ്ങളെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പറയുന്നത് പോലും ഇന്ന് ശരിയാക്കാം, നാളെ ശരിയാക്കാം എന്നാണ്. ഇപ്പോ ശമ്പളവുമില്ല'', എന്ന് മണിക്കൂറുകൾ നടന്ന് അഗസ്ത്യമല കയറുന്ന ഉഷട്ടീച്ചർ കണ്ണീരോടെ പറയുന്നു. 

തിരുവനന്തപുരം: അമ്പൂരിയിലെ വീട്ടിൽ നിന്നും ഒരോ ദിവസവും രണ്ട് മണിക്കൂർ യാത്ര ചെയ്താണ് ഉഷാ മോഹൻ എന്ന ഉഷ ടീച്ചർ തൊടുമലയിലെ സ്കൂളിലേക്ക് എത്തുന്നത്. അതൊരു വെറും യാത്രയല്ല. കാടിനുള്ളിലാണ് സ്കൂൾ. ഏകാധ്യാപകവിദ്യാലയമാണ്. ആകെ ഉഷട്ടീച്ചർ മാത്രമയുള്ളൂ എല്ലാ കാര്യങ്ങളും നോക്കാൻ. പുഴ കടന്ന്, നാല് കിലോമീറ്ററോളം നടന്ന് ദിവസവും യാത്ര. പകൽ മുഴുവൻ കുട്ടികളോടൊപ്പം. ഉച്ചഭക്ഷണമൊരുക്കി, കുട്ടികളെ പഠിപ്പിച്ച്, വൈകിട്ട് മലയിറങ്ങും ടീച്ചർ. വീണ്ടും നാല് കിലോമീറ്റർ വടി കുത്തിപ്പിടിച്ച് ഇറക്കം. പുഴ കടന്ന് തിരികെ.

രണ്ട് പതിറ്റാണ്ടായി ഈ പോക്കും വരവും. കുന്നത്തുമല ആദിവാസിമേഖലയിലെ കുട്ടികളാണ് വരുന്നവരെല്ലാം. അവരെ അ, ആ മുതൽ, എണ്ണിക്കണക്ക് കൂട്ടാനും, സൂര്യനുദിച്ച് പകലാവുന്നതെങ്ങനെയെന്നും, ചന്ദ്രനുദിച്ച് രാത്രിയാവുന്നതെങ്ങനെയെന്നും, അക്ഷരവും, കണക്കും, സയൻസുമെല്ലാം പഠിപ്പിക്കുന്നത് ഉഷ ടീച്ചർ തന്നെയാണ്. 

'വലിയ ബുദ്ധിമുട്ടല്ലേ ടീച്ചറേ, ഇങ്ങനെ കാടും മലയും കയറിയിറങ്ങി ദിവസവും യാത്ര ചെയ്യാൻ?', എന്ന് ചോദിച്ചാൽ അതൊരു പ്രശ്നമല്ലെന്ന് പറയും ടീച്ചർ. സന്തോഷമേയുള്ളൂ ഈ യാത്ര ചെയ്യാൻ. പക്ഷേ, ''ഒരു പണവും തരാതെ ഞാനീ ജോലി ചെയ്യുന്നതെങ്ങനെ'' എന്നാണ് കണ്ണീരോടെ അവർ ചോദിക്കുന്നത്.

സത്യമാണ്. കഴിഞ്ഞ അഞ്ച് മാസമായി സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ശമ്പളമില്ല. പണമില്ല. കുട്ടികൾക്ക് ഉച്ചഭക്ഷണം വച്ച് കൊടുക്കാനുള്ള ഫണ്ടും പാസ്സാക്കുന്നില്ല. ശമ്പളം കിട്ടാത്തപ്പോഴും സ്വന്തം കയ്യിൽ നിന്ന് പണമെടുത്താണ് കുട്ടികൾക്ക് ഉച്ചഭക്ഷണം ടീച്ചർ വച്ചുകൊടുക്കുന്നത്.

''ഞങ്ങളെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പറയുന്നത് പോലും ഇന്ന് ശരിയാക്കാം, നാളെ ശരിയാക്കാം എന്നാണ്. ഇപ്പോ ശമ്പളവുമില്ല'', എന്ന് മണിക്കൂറുകൾ നടന്ന് അഗസ്ത്യമല കയറുന്ന ഉഷട്ടീച്ചർ കണ്ണീരോടെ പറയുന്നു. 

സ്കൂളിൽ നിരാഹാരസമരത്തിലാണ് ടീച്ചർ. ''ഇതിലൊരു തീരുമാനമാകാതെ, എങ്ങോട്ടുമില്ല. സമരത്തിൽ നിന്ന് പിന്നോട്ടില്ല'', ടീച്ചർ പറയുന്നു.

ഇത് ഉഷ ടീച്ചറുടെ മാത്രം പ്രശ്നമാണോ? അല്ല. 1995 മുതലാണ് ഏകാധ്യാപകവിദ്യാലയങ്ങൾ തുടങ്ങുന്നത്. ഇന്ന് സംസ്ഥാനത്ത് 270 ഏകാധ്യാപക വിദ്യാലയങ്ങളുണ്ട്. നാട്ടിലെ സ്കൂളിലേക്കെത്താൻ പ്രയാസമുള്ള കുട്ടികളെ അവരുടെ ഇടങ്ങളിൽ തേടിച്ചെന്ന് പഠിപ്പിക്കുന്ന ആശയമായിരുന്നു ഇത്. ഈ വിദ്യാലയങ്ങൾക്കായി സംസ്ഥാന ബജറ്റിൽ മാറ്റിവെച്ച വിഹിതം തീർന്നു. ധനവകുപ്പ് പുതുതായി പണം അനുവദിച്ചിട്ടുമില്ല. പലയിടത്തും കുട്ടികൾ കുറഞ്ഞു. ഇനി ഇത്തരം വിദ്യാലയങ്ങൾ വേണോ വേണ്ടയോ എന്നതിൽ വിദ്യാഭ്യാസവകുപ്പിന് ആശയക്കുഴപ്പവുമാണിപ്പോൾ. 

അപ്പോഴും, ഇനി ഞങ്ങളെന്ത് ചെയ്യണമെന്ന് ചോദിക്കുന്നു ഉഷ ടീച്ചറെപ്പോലുള്ള അധ്യാപകർ. കാടും മേടും മലയും താണ്ടിയാണ് ദിവസവും സ്കൂളിലെത്തുന്നത്. പണം പോലുമില്ലെങ്കിൽ ഇനി എത്ര കാലം മുന്നോട്ടുപോകാനാകും? സംസ്ഥാനത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന, അരികുവത്കരിക്കപ്പെട്ട മേഖലകളിലെ കുട്ടികളും, അവരുടെ പ്രിയപ്പെട്ട അധ്യാപകരും ആ ചോദ്യചിഹ്നവുമായി സർക്കാരിന് മുന്നിൽ നിൽക്കുകയാണ്. മറുപടിയുണ്ടോ സർക്കാരിനും ധനവകുപ്പിനും?

ഉഷ ടീച്ചറെക്കുറിച്ച്, ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ തയ്യാറാക്കിയ പഴയൊരു റിപ്പോർട്ട് കാണാം:

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യ തെര. കമ്മീഷണറെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍, ഹിയറിങ്ങില്‍ ആശങ്ക അറിയിച്ചു
ചിന്നക്കനാൽ ഭൂമി ഇടപാട് കേസിൽ വിജിലൻസ് ചോദ്യം ചെയ്തെന്ന് മാത്യു കുഴൽനാടൻ എംഎൽഎ