Doctors Strike| ശമ്പള പരിഷ്കരണം: പിജി മെഡിക്കൽ ടീച്ചേർസ് അസോസിയേഷനും പ്രത്യക്ഷ സമരത്തിലേക്ക്

By Web TeamFirst Published Nov 11, 2021, 8:15 PM IST
Highlights

സമരത്തിന്റെ ഭാഗമായി നവംബർ 15 ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിന് മുൻപിലും എല്ലാ മെഡിക്കൽ കോളേജുകളിലും ധർണ നടത്തും

തിരുവനന്തപുരം: മെഡിക്കൽ കോളേജ് അധ്യാപകരുടെ ശമ്പള പരിഷ്കരണവും പ്രമോഷനുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവൺമെന്റ് പിജി മെഡിക്കൽ ടീച്ചേർസ് അസോസിയേഷനും സമരത്തിലേക്ക്. സമരേതര മാർഗ്ഗങ്ങളിലൂടെ പലതവണ ബന്ധപ്പെട്ടിട്ടും ഈ ആവശ്യത്തിൽ സർക്കാർ മുട്ടാപ്പോക്ക് നയം തുടരുകയാണെന്ന് സംഘടനാ നേതാക്കൾ കുറ്റപ്പെടുത്തി.

സമരത്തിന്റെ ഭാഗമായി നവംബർ 15 ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിന് മുൻപിലും എല്ലാ മെഡിക്കൽ കോളേജുകളിലും ധർണ നടത്തും. അത്യാഹിത വിഭാഗം, പ്രസവ മുറി, അടിയന്തിര ശസ്ത്രക്രിയകൾ, കൊവിഡ് ഡ്യൂട്ടി എന്നിവയെ ബാധിക്കാതെ സമരം നടത്തുമെന്നാണ് ഇവർ അറിയിച്ചത്. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഡിസംബർ ഒന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക് പോകും.

എൻട്രി കേഡറിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ വേതനം ലെവൽ 12 ആക്കി വർധിപ്പിക്കുക, സൂപ്പർ സ്പെഷാലിറ്റി അസിസ്റ്റന്റ് പ്രൊഫസർമാരുടെ ശമ്പള സ്കെയിൽ വർധിപ്പിക്കുക, അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റ കാലാവധി ഏഴ് വർഷമാക്കി കുറയ്ക്കുക, പ്രൊഫസറായി സ്ഥാനക്കയറ്റത്തിന് 3 വർഷമാക്കിയത് 2016 ജനുവരി ഒന്ന് മുതലാക്കി തീരുമാനിക്കുക, ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ എല്ലാ മെഡിക്കൽ കോളേജ് അധ്യാപകർക്കും ലഭ്യമാക്കുക, 2020 മുതലുള്ള ഡിഎ കുടിശിക അനുവദിക്കുക, പുതിയ മെഡിക്കൽ കോളേജുകളിൽ ആവശ്യമായ നിയമനങ്ങൾ നടത്തുക, മെഡിക്കൽ കോളേജ് അധ്യാപകരുടെ പുനർവിന്യാസം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ മറ്റൊരു സംഘടനയായ കെജിഎംസിടിഎ ഇതേ ആവശ്യങ്ങളിൽ നേരത്തെ തന്നെ പ്രത്യക്ഷ സമരത്തിലാണ്.

click me!