വെൽഫയർ പാർട്ടി - യുഡിഎഫ് ധാരണ; നിലപാട് വ്യക്തമാക്കി സമസ്ത

By Web TeamFirst Published Oct 29, 2020, 2:49 PM IST
Highlights

സമസ്തയുടെ ചില നേതാക്കളില്‍ നിന്നുള്ള എതിര്‍പ്പ് അവഗണിച്ചു മുന്നോട്ടുപോകുന്നതെങ്ങനെയന്ന ആശങ്കക്കിടയിലാണ് സഖ്യത്തിനും നീക്കുപോക്കിനുമെല്ലാം സമസ്തയുടെ അവസാന വാക്കായ പ്രസിഡൻ്റിൽ നിന്നുതന്നെ മുസ്ലീം ലീഗിന് പച്ചക്കൊടി കിട്ടിയത്.

കോഴിക്കോട്: വെൽഫെയർ പാർട്ടി യുഡിഎഫ് ധാരണയിൽ പ്രതികരണവുമായി സമസ്ത. പാർട്ടികൾക്കും മുന്നണികൾക്കും ഗുണവും ദോഷവും വിലയിരുത്തി ആരുമായും കൂട്ടുകൂടാമെന്ന് സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഏത് പാർട്ടിക്കും മുന്നണിക്കും അവരവർക്ക് യോജിക്കാവുന്ന പാർട്ടികളുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാം. അതിലൊന്നും സമസ്ത നയവും നിലപാടും പറയേണ്ടതില്ലെന്നാണ് നിലവിലെ നിലപാട്. 

സമസ്തയിലെ പലർക്കും വെൽഫയർ പാർട്ടി യുഡിഎഫ് ബന്ധത്തിൽ എതിർപ്പും അനുകൂലവും ഉണ്ടാവാം. അതൊക്കെ അവരവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും സമസ്തയുടെ നയമല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറയുനന്നു. സമസ്തയുടെ മുഖപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിലപാട് വ്യക്തമാക്കിയത്. തെരെഞ്ഞെടുപ്പ് നീക്കുപോക്കിനെതിരെ  യുവനേതാക്കള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് സമസ്തയുടെ നിലപാട് പ്രഖ്യാപനം.

വെല്‍ഫയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കാൻ നേതൃത്വം കൊടുത്ത മുസ്ലീം ലീഗ് നേതാക്കളോട് സമസ്തയുടെ യുവനേതാക്കള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു.ഇതും ജിഫ്രി മുത്തുക്കോയ തങ്ങള്‍ തള്ളി. സമസ്തയുടെ ചില നേതാക്കളില്‍ നിന്നുള്ള എതിര്‍പ്പ് അവഗണിച്ചു മുന്നോട്ടുപോകുന്നതെങ്ങനെയന്ന ആശങ്കക്കിടയിലാണ് സഖ്യത്തിനും നീക്കുപോക്കിനുമെല്ലാം സമസ്തയുടെ അവസാന വാക്കായ പ്രസിഡൻ്റിൽ നിന്നുതന്നെ മുസ്ലീം ലീഗിന് പച്ചക്കൊടി കിട്ടിയത്.

 

click me!