'സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാനാകില്ല, ആരെയും രാഷ്ട്രീയം പഠിപ്പിക്കാറില്ല', ജിഫ്രി തങ്ങൾ

By Web TeamFirst Published Jan 4, 2022, 3:43 PM IST
Highlights

സമസ്ത മലപ്പുറം ജില്ലാ സമ്മേളനത്തില്‍ കമ്മ്യൂണിസത്തിനെതിരെ അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ തളളിപ്പറഞ്ഞതിനു പിന്നാലെയാണ് സംഘടനയുടെ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവര്‍ത്തിച്ചത്. 

കോഴിക്കോട്: നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നാവര്‍ത്തിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയെ ആര്‍ക്കും ഹൈജാക്ക് ചെയ്യാനാകില്ലെന്നും സമസ്ത ആരെയും രാഷ്ട്രീയം പഠിപ്പിക്കാറില്ലെന്നും മുത്തുക്കോയ തങ്ങള്‍ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഓരോ സംഘടനയ്ക്കും ഓരോ നിലപാടുണ്ടാകുമെന്ന് പറഞ്ഞ പി കെ കുഞ്ഞാലിക്കുട്ടി സംഘടനയുടെ ചട്ടക്കൂടില്‍ നിന്ന് പ്രതികരിക്കുകയാണ് മാന്യതയെന്ന് സമസ്ത നേതാക്കളെ ഓര്‍മിപ്പിച്ചു. 

വഖഫ് വിഷയത്തില്‍ തുടങ്ങിയ ലീഗ് - സമസ്ത പോര് തീരുന്നില്ല. സമസ്ത മലപ്പുറം ജില്ലാ സമ്മേളനത്തില്‍ കമ്മ്യൂണിസത്തിനെതിരെ അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ തളളിപ്പറഞ്ഞതിനു പിന്നാലെയാണ് സംഘടനയുടെ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവര്‍ത്തിച്ചത്. സമസ്തയെ ആര്‍ക്കും ഹൈജാക്ക് ചെയ്യാനാകില്ല. വ്യത്യസ്ത രാഷ്ട്രീയ ചേരികളിലുളളവര്‍ സംഘടനയുടെ ഭാഗമാണ്. അത് വ്യക്തികളുടെ തീരുമാനമാണ്. സംഘടന ആരെയും രാഷ്ട്രീയം പഠിപ്പിക്കാറില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കോഴിക്കോട്ട് പറഞ്ഞു. 

സമസ്തയും ലീഗും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് പറഞ്ഞ പി കെ കുഞ്ഞാലിക്കുട്ടി സംഘടനയുടെ ചട്ടക്കൂടില്‍ നിന്ന് വിഷയങ്ങളെ സമീപിക്കുകയാണ് മാന്യതെന്ന് സമസ്തയെ ഓര്‍പ്പിച്ചു. ലീഗ് ആ മാന്യത പാലിച്ചിട്ടുണ്ട്. സമസ്തയുമായി ലീഗിനുളളത് കാലങ്ങളായുളള ബന്ധമാണെന്നും കുഞ്ഞാലിക്കൂട്ടി പറഞ്ഞു. 

അതേസമയം, വഖഫ് പ്രക്ഷോഭത്തിൽ ലീഗ് ഒറ്റയ്ക്കാണെന്നും അതിൽ സഹകരിക്കണമെന്ന് മതസംഘടനകളെ നിർബന്ധിക്കാനാകില്ല എന്നുമായിരുന്നു ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്‍റെ പ്രതികരണം. സമസ്തയുടെ ഒരു കാര്യത്തിലും ലീഗ് ഇടപെടില്ല. ലീഗിന്‍റെ സമരപരിപാടികളിൽ പങ്കെടുക്കുന്നവർ ഭൂരിഭാഗവും വിവിധ മതസംഘടനകളിൽ പെട്ടവർ തന്നെയാണ്. കമ്മ്യൂണിസത്തിനെതിരായ പ്രമേയം സമസ്തയുടെ ആഭ്യന്തര കാര്യമാണ്. അതിൽ ലീഗ് ഇടപെടില്ല. അത് മത സംഘടനയാണ്. അവരുടെ കാര്യങ്ങൾ തീരുമാനിക്കാൻ പണ്ഡിതന്മാർക്ക് കഴിയും. ദൈവത്തെ ഭയപ്പെട്ട് ജീവിക്കുന്ന നല്ല പണ്ഡിതരാണവർ - പിഎംഎ സലാം പറഞ്ഞു. 

click me!