ബിജെപിക്കെതിരായ കൂട്ടായ്മയെ നയിക്കാൻ രാഹുൽ അല്ലാതെ മറ്റൊരു നേതാവുണ്ടോ? കാനം

By Web TeamFirst Published Jan 4, 2022, 2:02 PM IST
Highlights

ദേശീയ തലത്തിലെ കോൺഗ്രസിനോടുള്ള നിലപാട് കേരളത്തിൽ ബാധിക്കില്ലെന്ന് കാനം തിരുവനന്തപുരത്ത് പറഞ്ഞു.

തിരുവനന്തപുരം: ദേശീയ തലത്തിൽ ബിജെപിക്ക് രാഷ്ട്രീയ ബദലായി കോൺഗ്രസിനെ ഉയർത്തിക്കാട്ടുന്നതിനെ (Congress)  ചൊല്ലി ഇടതുപക്ഷത്ത് സിപിഎം (CPM) സിപിഐ (CPI) പരസ്യപോര്.  സിപിഐയുടെ കോൺഗ്രസ് അനൂകൂല നിലപാട് തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദങ്ങളെ പരസ്യമായി തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. 

ദേശീയ തലത്തിലെ കോൺഗ്രസിനോടുള്ള നിലപാട് കേരളത്തിൽ ബാധിക്കില്ലെന്ന് കാനം തിരുവനന്തപുരത്ത് പറഞ്ഞു. ഇടതുപക്ഷം യുപിഎ സർക്കാരിനെ പിന്തുണക്കുമ്പോഴും 2004 ൽ കേരളത്തിൽ പൊതുതെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. ബിജെപിയെ നേരിടാൻ രാഷ്ട്രീയ പാർട്ടികളുടെ വിപുലമായ കൂട്ടായ്മ വേണം. കോൺഗ്രസിനെ അതിൽ നിന്ന് മാറ്റി നിർത്താനാകില്ല. രാഹുൽ ഗാന്ധിയല്ലാതെ പ്രതിപക്ഷകൂട്ടായ്മയെ നയിക്കാൻ മറ്റൊരു നേതാവിനെ ചൂണ്ടിക്കാണിക്കാമോയെന്നും കാനം ചോദിച്ചു. 

ദേശീയ രാഷ്ട്രീയ ബദൽ, കോൺഗ്രസിനെ ചൊല്ലി സിപിഎം-സിപിഐ തർക്കം

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. പിന്തുണച്ച് കാനം രാജേന്ദ്രനും സിപിഐ നിലപാടാണ് ബിനോയ് വിശ്വം അറിയിച്ചതെന്ന് മുഖപത്രമായ ജനയുഗവും വ്യക്തമാക്കിയതോടെ വിമർശിച്ച് കോടിയേരി രംഗത്തെത്തി. കേരളത്തിൽ കോൺഗ്രസിനെ പുകഴ്ത്തുന്നത് ഇടതുപക്ഷത്തിന് സഹായകരമാകില്ലെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തുന്ന ഇത്തരം പ്രസ്താവനകൾ കോൺഗ്രസിന് ഗുണകരമാകുകയേ ഉള്ളു എന്നും കോടിയേരി തുറന്നടിച്ചതോടെയാണ് വീണ്ടും കാനം പ്രതികരിച്ചത്. 

click me!