'പിന്നിൽ ഞങ്ങളാണ്, ഉടൻ കാസർഗോഡേക്ക് മാറ്റും', നടപടിയെടുത്തതോടെ വില്ലേജ് ഓഫീസർക്ക് മണ്ണ് മാഫിയയുടെ ഭീഷണി, സ്ഥലം മാറ്റം

Published : Aug 04, 2025, 10:52 AM IST
village officer

Synopsis

സ്ഥലം മാറ്റത്തിന് പിന്നില്‍ തങ്ങളാണെന്നും ഉടനെ കാസർഗോഡേക്ക് സ്ഥലം മാറ്റുമെന്നും മണ്ണ് മാഫിയ വില്ലേജ് ഓഫീസറുടെ ഭീഷണിപ്പെടുത്തി.

കൽപ്പറ്റ: വയല്‍ നികത്തിയതിനെതിരെ കർശന നടപടിയെടുത്ത വില്ലേജ് ഓഫീസർക്ക് സ്ഥാനമേറ്റെടുത്ത് ഒൻപതാം മാസം സ്ഥലം മാറ്റം. മാനന്തവാടി വില്ലേജ് ഓഫീസർ രാജേഷ് കുമാറിനെയാണ് തൊണ്ടർനാട്ടേക്ക് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് പിന്നില്‍ തങ്ങളാണെന്നും ഉടനെ കാസർഗോഡേക്ക് സ്ഥലം മാറ്റുമെന്നും മണ്ണ് മാഫിയ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി. ഇതിന്റെ ശബ്ദസന്ദേശം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

വള്ളിയൂർകാവ് വയലില്‍ വൻതോതില്‍ മണ്ണടിച്ച് ജെസിബി ഉപയോഗിച്ച് വയല്‍ നികത്തുന്നുവെന്ന പരാതിയിലാണ് മാനന്തവാടി വില്ലേജ് ഓഫീസർ സ്ഥലം സന്ദ‌ർശിച്ചത്. വസ്തുത ബോധ്യപ്പെട്ട വില്ലേജ് ഓഫീസർ രാജേഷ് കുമാ‌ർ കർശന നടപടിയെടുത്തു. 

മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്ത് 32 ലക്ഷം രൂപ പിഴയിട്ടു. വില്ലേജ് ഓഫീസറുടെ നടപടി തഹസില്‍ദാരും പിന്നീട് കളക്ടറും അംഗീകരിച്ചു. എന്നാല്‍ പിന്നാലെ വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി. 

മാനന്തവാടിയിലേക്ക് എത്തി വെറും 9 മാസം മാത്രം ആകുമ്പോഴാണ് അപ്രതീക്ഷിതമായി സ്ഥലം മാറ്റപ്പെടുന്നത്. ഭരണപരമായ സൗകര്യത്തിനാണെന്നതാണ് നടപടിയുടെ ഔദ്യോഗിക ഭാഷ്യം. എന്നാൽ തങ്ങളുടെ പിന്നിൽ ആളുണ്ടെന്നും അടുത്ത സ്ഥലംമാറ്റം കാസർഗോഡ് ആയിരിക്കുമെന്നുമുള്ള മണ്ണ് മാഫിയയുടെ ഭീഷണി സന്ദേശം വില്ലേജ് ഓഫീസർക്ക് കിട്ടി. ഷമീർ എന്ന നികത്തലിന് നേതൃത്വം നൽകിയ ആളാണ് വില്ലേജ് ഓഫീസറെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.

ഭീഷണിയുടെ സാഹചര്യത്തിൽ രാജേഷ് കുമാർ തഹസിൽദാർക്ക് പരാതി നൽകിയിട്ടുണ്ട്.പരാതി കളക്ടർക്ക് കൈമാറിയിട്ടുണ്ടെന്ന് മാനന്തവാടി തഹസിൽദാർ അറിയിച്ചു. വയൽ നികത്തലിനെതിരെ പേരിനു മാത്രം നടപടി ഉണ്ടാകുമ്പോൾ കർശന നടപടി എടുക്കുന്നവരുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് മാനന്തവാടിയിൽ ഉണ്ടായതെന്ന് വിമർശനം ശക്തമാണ്.  

 

 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും