
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിനെ കേരള പൊലീസ് പിന്തുടര്‍ന്ന് വേട്ടയാടുന്നതായി അലന്‍റെ മാതാവ് സബിത ശേഖര്‍. അലനെ നിരന്തരം പിന്തുടരുന്ന പൊലീസ്, താമസിക്കുന്ന സ്ഥലങ്ങളിലും വീടുകളിലും എത്തി അലനെ ഭീകരവാദിയായി ചിത്രീകരിക്കുകയാണെന്ന് സബിത ശേഖര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പന്തീരാങ്കാവ് കേസിന്‍റെ വിചാരണ കൊച്ചി എന്‍ഐഎ കോടതിയില്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കവെയാണ് അലന്‍റെ കുടുംബം ആരോപണവുമായി രംഗത്തെത്തുന്നത്.
കഴിഞ്ഞ 7 മാസമായി ഈ പ്രശ്നം ഗുരുതരമായി തുടരുകയാണെന്ന് സബിത ശേഖർ പറഞ്ഞു. യുഎപിഎ കേസിലെ പ്രതി എന്ന നിലയിൽ സ്വാഭാവികമായും നിരീക്ഷണമുണ്ടാവും. പക്ഷേ കഴിഞ്ഞ 7 മാസമായി അലൻ കേസിൻ്റെ ആവശ്യത്തിനായാണ് എറണാകുളത്ത് താമസിച്ചിരുന്നത്. സുഹൃത്തുക്കളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ പൊലീസ് അവിടെ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഓണർമാരോട് വിവരം പറയുകയും ഇതിൻ്റെ ഭാഗമായി അലനെ വീട്ടിൽ നിന്ന് ഇറക്കിവിടുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. റെസിഡൻസ് അസോസിയേഷനുകളിൽ അലൻ്റെ ഫോട്ടോ ഷെയർ ചെയ്ത് പ്രശ്നക്കാരനാണെന്ന് ചിത്രീകരിച്ചു. അർദ്ധ രാത്രി തന്നെ വീട്ടിൽ നിന്ന് ഇറക്കിവിടുന്നു. സ്വന്തമായി വീടെടുക്കാനും സമ്മതിക്കാതിരിക്കുകയും മറ്റു വീടുകളിൽ പോയി ഭീഷണിപ്പെടുത്തുകയുമാണ് പൊലീസ് ചെയ്യുന്നതെന്നും സബിത ശേഖർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോഴിക്കോട് കുടുംബം താമസിക്കുന്നയിടത്ത് അയൽവാസികളുടെ അടുത്ത് വന്ന് അലനെ കുറിച്ച് അന്വേഷിക്കുന്നത് പതിവാണ്. സിപിഎം ടാർജറ്റ് ചെയ്യുന്നു എന്നതിനപ്പുറം പൊലീസ് ടാർജറ്റ് ചെയ്യുകയാണ്. അവർക്ക് അജണ്ടയുണ്ട്. അലനൊരു ഭീകരവാദിയാണെന്ന് വരുത്തിതീർക്കുന്നു. ഭയപ്പെടുത്തി ജീവിപ്പിക്കുകയാണ്. ഞങ്ങളെല്ലാവരും ഇക്കാര്യത്തിൽ അലർട്ടാണ്. അലൻ വളരെ ശ്രദ്ധയോടെയാണ് ജീവിക്കുന്നത്. പക്ഷേ താമസിക്കുന്ന സ്ഥലത്ത് വന്ന് നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്നും സബിത ശേഖർ പറയുന്നു.