
കാസർകോട്: മുന്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍റെ വീട്ടു മുറ്റത്ത് നിന്ന് ചന്ദനമരം മുറിച്ച് കടത്തിയവര്‍ പിടിയില്‍. ചന്ദന മരം മോഷ്ടിച്ച നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉരുപ്പടികളാക്കിയ ചന്ദനമുട്ടികള്‍ അമ്പലത്തറയില്‍ നിന്ന് കണ്ടെടുത്തു.
കെ കുഞ്ഞിരാമന്‍റെ പാക്കം ആലക്കോട്ടെ വീട്ടുമുറ്റത്ത് നിന്നാണ് ചന്ദന മരം മുറിച്ചത്. 30 വര്‍ഷം പ്രായമുള്ള ചന്ദന മരമാണ് മുറിച്ച് കടത്തിയത്. ചട്ടഞ്ചാല്‍ സ്വദേശി കുറ്റി റഷീദ്, കൊളവയിലെ അബ്ദുള്ള എന്നിവരാണ് അറസ്റ്റിലായത്. ബേക്കല്‍ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ വിപിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തിലെ രണ്ട് പേരെക്കൂടി പിടികൂടാനുണ്ട്.
ഉരുപ്പടികളാക്കിയ ചന്ദനമുട്ടികള്‍ അമ്പലത്തറ മൂന്നാം മൈലിലെ ഒരു പമ്പ് ഹൗസില്‍ നിന്നും പൊലീസ് കണ്ടെടുത്തു. ഒരു ക്വാര്‍ട്ടേഴ്സിനോട് ചേര്‍ന്നുള്ള പമ്പ് ഹൗസാണിത്. ഇന്ന് പുലര്‍ച്ചെയാണ് മുന്‍ എംഎഎല്‍എയുടെ വീട്ടുമുറ്റത്തെ ചന്ദനമരം മുറിച്ച് കടത്തിയത്. ഈ സമയത്ത് ശക്തമായ മഴ ആയതിനാല്‍ വീട്ടുകാര്‍ മരം മുറിക്കുന്ന ശബ്ദം കേട്ടിരുന്നില്ല.
എന്നാൽ പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പുലര്‍ച്ചെ നാലിന് സംഘം വാളും മറ്റ് ആയുധങ്ങളുമായി വീടിന് മുന്നിലൂടെ നടന്ന് വരുന്ന ദൃശ്യം പൊലീസ് ശേഖരിച്ചിരുന്നു. ഇത് വച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പിന്നില് വന്‍ ചന്ദനക്കടത്ത് സംഘമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam