
ദില്ലി: ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ മറ്റൊരു കേസിൽ കൂടി വാറന്റ്. ഉത്തർപ്രദേശ് പൊലീസിന്റേതാണ് നടപടി. ലഖീംപൂർ ഖേരിയിൽ ഒരു വർഷം മുമ്പ് ലഭിച്ച പരാതിയിൽ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോൾ വാറൻറ് ഇറക്കിയത്. ഇതിനിടെ ഓൾട്ട് ന്യൂസിനായി വിദേശത്ത് നിന്ന് സംഭാവന സ്വീകരിച്ചിട്ടില്ലെന്ന് പേയ്മെൻറ് ഗേറ്റ് വേ ആയ റേസർപേ വ്യക്തമാക്കി.
സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇപ്പോൾ വീണ്ടും പുതിയൊരു കേസിൽ വാറൻറ് പുറപ്പെടുവിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് പൊലീസ്. ലഖീംപൂർ ഖേരിയിലെ മൊഹമ്മദി പൊലീസ് സ്റ്റേഷനിൽ ഒരു വർഷം മുമ്പുള്ള പരാതിയിലാണ് ഇപ്പോൾ വാറൻറ്. തിങ്കളാഴ്ച്ചയ്ക്ക് മുൻപ് ലഖീംപൂർഖേരിയിൽ ഹാജരാകണമെന്നാണ് പോലീസിന്‍റെ നിര്‍ദ്ദേശം.
ട്വിറ്ററിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച് മത സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചുവെന്ന് കാട്ടി ആശിശ് കുമാർ കട്ടിയാർ എന്നയാൾ നൽകിയ പരാതിയിലാണ് ലഖീംപൂർ ഖേരി പൊലീസിൻറെ പുതിയ നടപടി. ഇയാള്‍ സുദര്‍ശന്‍ ടിവിയിലെ ജീവനക്കാരനാണെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവിൽ ദില്ലിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ജൂഡീഷ്യൽ കസ്റ്റഡിയിലാണ് സുബൈർ.
അതേസമയം ഓൾട്ട് ന്യൂസിനായി വിദേശത്ത് നിന്ന് സംഭാവന സ്വീകരിച്ചിട്ടില്ലെന്ന് പേയ്മെൻറ് ഗേറ്റ് വേ ആയ റേസർപേ അറിയിച്ചു. സംഭാവനകൾ സ്വീകരിക്കാനായി ഓൾട്ട് ന്യൂസ് ഉപയോഗിക്കുന്ന ഗേറ്റ്വേ ആണ് റേസർ പേ. എഫ്സിആർഎ അനുമതി ഇല്ലാതെ വിദേശ സംഭാവന സ്വീകരിക്കില്ല എന്നതാണ് കമ്പനി നയമെന്ന് റേസർ പേ വ്യക്തമാക്കി. ഓൾട്ട് ന്യൂസ് വിദേശ സംഭാവന സ്വീകരിച്ചു എന്ന് ദില്ലി പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു. മൊഹമ്മദ് സുബൈറിനെതിരായ അന്വേഷണത്തിലും ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam