
കാസർകോട്: സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്ത പണം നൽകിയവരുടെ പട്ടികയിൽ ഉള്ള ബി.ജെ.പി നേതാവ് താനല്ലെന്ന വി. മുരളീധരന്റെ പ്രതികരണത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ എംഎൽഎ. കേരളത്തിലെ ബിജെപിയിൽ മുരളീധരൻ ഒരാൾ മാത്രമല്ല ഉള്ളതെന്നും എന്നാൽ, കരിമണൽ കർത്താ കാശ് കൊടുക്കാൻ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയിൽ ഉള്ളൂ എന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചത്. കേരളത്തിലെ ബിജെപിയിൽ മുരളീധരൻ ഒരാൾ മാത്രമല്ല ഉള്ളത്. ഇതര നേതാക്കൾക്ക് ലഭിച്ച പാർട്ടി ഫണ്ടുകൾ ഒക്കെ അതാത് പാർട്ടികളിൽ എത്തി. എന്നാൽ മുരളീധരന് പണം കിട്ടിയ കാര്യം ബിജെപി ഇന്നലെയാണ് അറിഞ്ഞതെന്നും സന്ദീപ് പരിഹസിച്ചു.
കഴിഞ്ഞ ദിവസം പുറത്ത് വന്ന ശശിധരൻ കർത്തയുടെ ഡയറിയിലാണ് ബിജെപിയിലെ മുരളീധരന്‍റെ പേര് വന്നത്. ബിജെപി നേതാവ് ഷോൺ ജോർജാണ് ഡയറിയുടെ ഒരു പേജ് പുറത്ത് വിട്ടത്. വി മുരളീധരൻ പാർട്ടി ഓഫിസിലുള്ളപ്പോഴാണ് ഷോണിന്‍റെ വാർത്താസമ്മേളനം നടന്നത്. ഷോൺ പുറത്ത് വിട്ട രേഖയിൽ ബിജെപി നേതാക്കളുടെ പേരില്ലായിരുന്നു. പിന്നാലെ മുരളീധരന്‍റെ പേരും പുറത്ത് വന്നു. പിന്നീട് ഷോണിനൊപ്പം തന്നെ മുരളീധരൻ തനിക്കെതിരെ ഉയർന്ന ആരോപണം തള്ളിയിരുന്നു.
ഷോൺ ജോർജിന്‍റെ രേഖയെ കുറിച്ച് തനിക്ക് ഒരു ഉത്തരവാദിത്വവും ഇല്ലെന്ന് മുരളീധരൻ പറഞ്ഞു. അതിന്‍റെ ആധികാരികതയെ കുറിച്ച് ഒന്നും പറയില്ല. വൈസ് പ്രസിഡണ്ടിനോട് ചോദ്യം ചോദിക്കേണ്ടത് പ്രസിഡന്‍റ് ആണെന്ന് പറഞ്ഞ് മുരളീധരൻ ഒഴിഞ്ഞു. ദേശീയ നിർവാഹകസമിതി അംഗത്തിനോ മുൻ കേന്ദ്രമന്ത്രിക്കോ ഇതേക്കുറിച്ച് എങ്ങനെ അറിയാനെന്ന് പറഞ്ഞാണ് മുരളീധരൻ അതൃപ്തി പരസ്യമാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam