ഇൻകം ടാക്സ് വീട്ടിൽ കയറിയിറങ്ങുമെന്ന് സന്ദീപ് വാര്യർ; സമരം ചെയ്ത സിനിമാക്കാർക്കെതിരെ ബിജെപി

By Web TeamFirst Published Dec 24, 2019, 12:43 PM IST
Highlights

ഇൻകം ടാക്സും ഇഡിയും വീട്ടിൽ കയറിയിറങ്ങുമെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. വെട്ടിപ്പ് പിടിച്ചാൽ ധർണ നടത്താൻ കഞ്ചാവ് ടീംസ് ഉണ്ടാവില്ലെന്നും സന്ദീപ് വാര്യർ.

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി കൊച്ചിയിലെ തെരുവിലിറങ്ങിയ സിനിമാക്കാർക്കെതിരെ ഭീഷണിയുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യർ. പ്രതിഷേധിച്ചവർക്ക് രാജ്യസ്നേഹമില്ലെന്നും ഇവർ ആദായ നികുതി അടയ്ക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു. ഇൻകം ടാക്സും ഇഡിയും വീട്ടിൽ കയറിയിറങ്ങുമെന്നും വെട്ടിപ്പ് പിടിച്ചാൽ ധർണ നടത്താൻ കഞ്ചാവ് ടീംസ് ഉണ്ടാവില്ലെന്നുമാണ് സന്ദീപ് വാര്യർ ഭീക്ഷണി മുഴക്കുന്നത്. 

മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്ന സിനിമാക്കാർ, പ്രത്യേകിച്ച് നടിമാർ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്ന് പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നുമാണ് സന്ദീപ് വാര്യരുടെ ഭീഷണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യർ ഇക്കാര്യം പറഞ്ഞത്. സിനിമാക്കാർ പ്രതിഷേധിച്ചത് തെറ്റെന്ന് കുമ്മനം രാജശേഖരനും പ്രതികരിച്ചു.

Also Read: പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധം; സിനിമാക്കാർക്കെതിരെ കടുത്ത വിമർശനവുമായി കുമ്മനം രാജശേഖരൻ

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പേസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക്. പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇൻകം ടാക്സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകംടാക്സ്, എൻഫോഴ്സ്മെൻറ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല. 

ഇന്നലെ കൊച്ചിയിൽ സിനിമാക്കാരുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. വൈകിട്ട് മൂന്നോടെ രാജേന്ദ്ര മൈതാനിക്ക് സമീപമുള്ള ഗാന്ധി സ്ക്വയറിൽനിന്ന് ആരംഭിച്ച പ്രകടനം വൈകിട്ട് ഏഴിന് ഫോർട്ട് കൊച്ചിയിലാണ് അവസാനിച്ചത്. സംവിധായകൻ കമൽ, രാജീവ് രവി, ആഷിഖ് അബു, റിമ കല്ലിങ്കൽ, ഷെയ്ൻ നിഗം, നിമിഷ സജയൻ, ഗീതു മോഹൻദാസ്, എൻ എസ് മാധവൻ, ഷഹബാസ് അമൻ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു.

click me!