
പാലക്കാട്: ബിജെപി നേതൃത്വത്തിനെതിരെയും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെയും പരസ്യപ്രതികരണം നടത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ ഉടൻ കടുത്ത നടപടിയുണ്ടായേക്കില്ല. തെരഞ്ഞെടുപ്പു വരെ നടപടി എടുക്കേണ്ടതില്ലെന്നു സംസ്ഥാന നേതൃത്വം അറിയിച്ചു. ബിജെപി സംസ്ഥാന നേതൃത്വം ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം. സന്ദീപിനെതിരെ നടപടി വേണമെന്ന് യോഗത്തിൽ ആവശ്യമുയര്‍ന്നു. എൽ ഡി എഫ് സ്ഥാനാർഥിയെ മഹത്വവൽക്കരിച്ചത് അംഗീകരിക്കാൻ ആവില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
അതേസമയം, സന്ദീപിനെതിരെ തിരക്കിട്ട് നടപടിയുണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. എവിടെ വരെ പോകും എന്ന് നോക്കട്ടെ. കാത്തിരുന്നു കാണാമെന്നും സുരേന്ദ്രൻ പറഞ്ഞു. സന്ദീപിന്‍റെ പ്രതികരണങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിലെ മരണകാര്യങ്ങൾ വരെ രാഷ്ട്രീയത്തിനായി സന്ദീപ് വാര്യര്‍ ഉപയോഗിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്തല്ല പരാതി പറയേണ്ടതെന്നും കെ സുരേന്ദ്രൻ തുറന്നടിച്ചു.
അച്ചടക്ക നടപടി പിൻവലിച്ച് സന്ദീപിനെ കണ്ടു വന്നതാണെന്നും നാളെ സന്ദീപിനെ മാധ്യമങ്ങൾ ഉപേക്ഷിക്കും. കേരളത്തിലെ ബിജെപിയിൽ നിന്ന് ഒരാൾ പോയിട്ട് എന്ത് ചെയ്യാനാണെന്നും കെ സുരേന്ദ്രൻ ചോദിച്ചു. സന്ദീപിന്‍റെ അമ്മ മരിച്ചപ്പോൾ നേതാക്കൾ എല്ലാം പോയിരുന്നു. ബിജെപിക്ക് യാതൊരു ആശങ്കയുമില്ല. സന്ദീപിന്‍റെ ഉദ്ദേശ്യം എന്താണെന്ന് നോക്കാം. സന്ദീപ് വിഷയം ബി ജെ പി കാര്യമായെടുക്കുന്നില്ല. അനുനയിപിക്കാനുള്ള ശ്രമം നടന്നിരുന്നു. ഇനി ആ വിഷയം കാര്യമായി എടുക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഇതുപോലെ ഇനിയും പലതും പുറത്തുവരും. ഇതുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേർന്നിട്ടില്ലെന്നും എംബി രാജേഷ് സിപിഎമ്മിലെ കൊഴിഞ്ഞുപോക്ക് തടയട്ടെ എന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം, സന്ദീപ് വാര്യരുടെ ആരോപണങ്ങളിൽ സി കൃഷ്ണകുമാർ മറുപടി പറയുമെന്ന് ബിജെപി ദേശീയ കൗൺസിൽ എൻ. ശിവരാജൻ അഭിപ്രായപ്പെട്ടു. സന്ദീപിന്‍റെ അമ്മ മരിച്ചപ്പോൾ രണ്ട് തവണ താൻ അവിടെ പോയിരുന്നുവെന്നും ശിവരാജൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam