
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ നടത്തിയ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദിപ് വാര്യര്‍ രംഗത്ത്.ഫേസ് ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.പൂര്‍ണരൂപം ഇങ്ങിനെ....
ബിലാവൽ ഭൂട്ടോ പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയാണ് . അമ്മ ബേനസീർ ഭൂട്ടോ മുൻ പ്രധാനമന്ത്രി ആയിരുന്നു . റാലിക്കിടെ വെടിയേറ്റ് മരിച്ചു . മുത്തച്ഛൻ മുൻ പ്രധാനമന്ത്രി ആയിരുന്ന സുൾഫിക്കർ അലി ഭുട്ടോയെ പാക് സൈനിക ഭരണകൂടം തൂക്കി കൊന്നു . ബാപ്പ ആസിഫ് അലി സർദാരി പാകിസ്ഥാൻ പ്രസിഡന്റ് ആയിരുന്നു .ഇന്ത്യയിൽ നെഹ്‌റു കുടുംബം എന്താണോ അതാണ് പാകിസ്ഥാനിൽ ഭൂട്ടോ കുടുംബം . അഴിമതി , കമ്മീഷൻ , ദുരൂഹ മരണങ്ങൾ , കൊലപാതകങ്ങൾ .. സർവത്ര മസാല നിറഞ്ഞ ഒരു ബോളിവുഡ് സിനിമ പോലെ .
ഭൂട്ടോ കുടുംബത്തിലെ ഇളമുറക്കാരനാണ് ബിലാവൽ ഭൂട്ടോ . ജീവിതത്തിന്റെ ഏറിയ ഭാഗവും വിദേശത്തായിരുന്നതിനാൽ ഉറുദു നന്നായി സംസാരിക്കാനറിയില്ല . ശശി തരൂർ ആക്സന്റിൽ ആംഗലേയം സംസാരിക്കുന്ന രാഹുൽ ഗാന്ധിയാണ് ബിലാവൽ ഭൂട്ടോ . വായ തുറന്നാൽ വിഡ്ഢിത്തമേ പറയൂ . അത് രാഹുലിനെ പോലെ തന്നെ ബിലാവലിന്‍റെ മാത്രം കുഴപ്പമല്ല . പാരമ്പര്യമായി കിട്ടിയതാണ് . മുത്തച്ഛനും അങ്ങനെ തന്നെ ആയിരുന്നു .ബിലാവലിനെ സീരിയസ് ആയി ആരും എടുക്കില്ലെങ്കിലും അയാളുടെ പദവി പാക് വിദേശകാര്യ മന്ത്രിയുടേതാണ് . ആ പദവിയിൽ ഇരുന്നു കൊണ്ട് അയാൾ ഇന്ത്യൻ ജനത തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെ ആക്ഷേപിക്കുകയാണ് . ഏത് രാജ്യം ? ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയിട്ടും ജനാധിപത്യത്തിന്റെ നന്മകൾ അനുഭവിക്കാൻ കഴിയാതെ സൈന്യത്തിന്റെ ചങ്ങലക്കെട്ടിൽ കഴിയുന്ന പാകിസ്ഥാൻ .
മൂന്ന് മില്യൺ ബംഗാളികളെ കിഴക്കൻ പാകിസ്ഥാനിൽ പാക് സൈന്യം കൂട്ടക്കൊല ചെയ്തപ്പോൾ അതിന് എല്ലാ പിന്തുണയും നൽകിയ ആളാണ് ബിലാവലിന്‍റെ മുത്തച്ഛൻ സുൾഫിക്കർ അലി ഭൂട്ടോ . 1971ൽ ആഗോള ഇസ്ലാമിക കൂട്ടായ്മയുടെ ഭാഗമല്ലേ , നമുക്ക് ഒരുമിച്ച് നിൽക്കണ്ടേ എന്ന് ബംഗാളികളോട് ചോദിക്കാൻ ധാക്കയിൽ പോയ ഭുട്ടോയെ ബംഗാളികൾ കൂവി വിടുന്ന വിഡിയോ ഇവിടെ നൽകുന്നു . പാകിസ്ഥാനിൽ നിൽക്കാൻ ഞങ്ങൾക്ക് സമ്മതമല്ല എന്ന് പറയുന്ന ബംഗാളികളെ " നരകത്തിൽ പോയി തുലയ് , പന്നിയുടെ മക്കളെ " എന്നാണ് ഭൂട്ടോ പരസ്യമായി ആക്ഷേപിക്കുന്നത് .
ആ ഭൂട്ടോയുടെ പേരക്കുട്ടി ആണ് നരേന്ദ്ര മോദിയെ ആക്ഷേപിക്കുന്നത് . എന്തർഹതയാണ് കിഴക്കൻ പാകിസ്ഥാനിലെ കശാപ്പുകാരന്റെ പേരക്കുട്ടിക്ക് ഉള്ളത് ?
പക്ഷെ എന്നെ ആശങ്കപ്പെടുത്തുന്നത് മറ്റൊന്നാണ് . ഇന്ത്യൻ മുസ്ലിം സമുദായത്തിന്‍റെ പേര് പറഞ്ഞാണ് പാക് വിദേശകാര്യ മന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്നത് . ഇതിന് മറുപടി നൽകാനുള്ള ഉത്തരവാദിത്തം ഇന്ത്യൻ മുസ്ലിം നേതാക്കളുടേതാണ് . നമുക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം . എന്നാൽ പാകിസ്ഥാൻ, ഇന്ത്യൻ മുസ്ലീങ്ങളുടെ രക്ഷാകർതൃത്വം ഏറ്റെടുക്കേണ്ടതുണ്ടോ ? ബഹു സാദിഖ് അലി ശിഹാബ് തങ്ങൾ , എപി അബൂബക്കർ മുസലിയാർ തുടങ്ങി മുസ്ലിം മത നേതൃത്വം മൗനം പാലിക്കുന്നത് ശരിയാണോ ? നമ്മുടെ പാരമ്പര്യം അതാണോ ?മൗനം വെടിഞ്ഞ് രാഷ്ട്രത്തിനെതിരായ ശത്രുവിന്‍റെ വെല്ലുവിളിക്കെതിരെ പ്രതികരിക്കാൻ അവർക്ക് തോന്നട്ടെ .
മോദിക്കെതിരായ പാകിസ്ഥാൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam