'കേരളത്തെ സാമ്പത്തികമായി തകർത്തെറിഞ്ഞ ഇടത് പോളിസി, പാരാലിസിസ് ഒളിപ്പിക്കാന്‍ ഐസക്കിന്‍റെ നുണകൾ'

Published : Nov 22, 2022, 01:01 PM ISTUpdated : Nov 22, 2022, 02:56 PM IST
'കേരളത്തെ സാമ്പത്തികമായി തകർത്തെറിഞ്ഞ ഇടത് പോളിസി, പാരാലിസിസ് ഒളിപ്പിക്കാന്‍ ഐസക്കിന്‍റെ നുണകൾ'

Synopsis

കോവിഡ് തകർച്ചയിൽ നിന്ന് കേരള സമ്പദ്ഘടന പുറത്തുകടന്നുവെന്ന മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്‍റെ വിലയിരുത്തലിനെതിരെ ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍.അവകാശവാദവും യാഥാർത്ഥ്യവും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്ന് ചോദ്യം 

തിരുവനന്തപുരം: കോവിഡ് തകർച്ചയിൽ നിന്ന് കേരള സമ്പദ്ഘടന പുറത്തുകടന്നുവെന്ന മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്‍റെ അവകാശവാദത്തിനെതിരെ ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍.നുണകൾ , പെരും നുണകൾ , സ്ഥിതി വിവരക്കണക്കുകൾ . കേരളത്തെ സാമ്പത്തികമായി തകർത്തെറിഞ്ഞ ഇടത് പോളിസി പാരാലിസിസ് ഒളിപ്പിക്കാൻ തോമസ് ഐസക്ക് കൂട്ടുപിടിച്ചിരിക്കുന്നത് സ്റ്റാറ്റിസ്റ്റിക്‌സിനെ ആണ് .  അതിലെ പൊള്ളത്തരം തുറന്ന് കാണിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു .പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം....

 

കോവിഡ് തകർച്ചയിൽ നിന്ന് കേരള സമ്പദ്ഘടന പുറത്തുകടന്നു. 2021-22-ലെ സംസ്ഥാന ജിഡിപി സംബന്ധിച്ച കണക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് & സ്റ്റാറ്റിറ്റിക്സ് പുറത്തുവിട്ടു. അതുപ്രകാരം 2021-22-ൽ കേരളത്തിന്റെ സാമ്പത്തിക വളർച്ച 12.07 ശതമാനമാണ്. ദേശീയ ജിഡിപിയുടെ വളർച്ച 8.7 ശതമാനമാണ്" 
സംസ്ഥാനത്ത് ജീവിച്ചിരിക്കുന്ന ഏക സാമ്പത്തിക ശാസ്ത്രഞ്ജൻ ശ്രീമാൻ തോമസ് ഐസക്ക് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ നടത്തിയ അവകാശവാദമാണിത് . 
ഈ അവകാശവാദവും യാഥാർത്ഥ്യവും തമ്മിൽ എന്ത് ബന്ധമാണുള്ളത് ? വാസ്തവത്തിൽ മലയാളികൾക്ക് ഈ വളർച്ച അനുഭവപ്പെട്ടിട്ടുണ്ടോ ? കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എന്താണ് ? രാജ്യത്ത് റവന്യൂ ഡെഫിസിറ് ഗ്രാന്റ് വാങ്ങുന്ന 14 സംസ്ഥാനങ്ങളിൽ പ്രമുഖ സ്ഥാനമുള്ള 3 എണ്ണം , കേരളം , ബംഗാൾ , ത്രിപുര എന്നിവയാണ് . ഈ മൂന്ന് സംസ്ഥാനങ്ങളും എങ്ങനെ സ്ഥിരമായി വരുമാനക്കുറവുള്ള സംസ്ഥാനങ്ങളായി എന്ന് പണ്ട് രാജ്യസഭയിൽ അരുൺ ജെയ്റ്റ്ലി യെച്ചൂരിക്ക് ക്ലാസ് എടുത്തത് ഇത്തരുണത്തിൽ ഓർമ്മിക്കുന്നു . 
ബാക്കി north east ലെ ചെറിയ സംസ്ഥാനങ്ങളും വിഭജനത്തെ തുടർന്ന് സാമ്പത്തിക സ്രോതസ്സുകൾ തെലങ്കാനയിലേക്ക് പോയത് കൊണ്ട് വരുമാനം നഷ്ടപ്പെട്ട ആന്ധ്ര പ്രദേശും ആണ് .  കേരളത്തെ പോലെ തന്നെ പോപ്പുലിസ്റ്റ് പൊളിറ്റിക്സ് കളിച്ച് കടക്കെണിയിലായ പഞ്ചാബും രാജസ്ഥാനും ലിസ്റ്റിലുണ്ട് . 
പ്രതിമാസം കേന്ദ്ര സർക്കാർ , റവന്യു ഡെഫിസിറ്റ് ഗ്രാന്റായി ഏകദേശം 1097 കോടി രൂപയാണ് കേരള ഖജനാവിലേക്ക് നൽകുന്നത് . ഈ പണം ഖജനാവിലേക്ക് വരുന്ന ദിവസങ്ങളിലാണ് സംസ്ഥാനം ദുർവ്യയവ ചെലവുകൾക്ക് ഉത്തരവിടുന്നത് എന്നതും ശ്രദ്ധേയമാണ് . പുതിയ കാറുകൾ വാങ്ങൽ , ക്ലിഫ് ഹൗസിൽ സ്വിമ്മിങ് പൂൾ പണിയൽ , പശുതൊഴുത്ത് ഉണ്ടാക്കൽ , കുടുംബത്തോടെയുള്ള വിദേശ ടൂറുകൾ ഇത്യാദി രാഷ്ട്ര പുനർനിർമ്മാണ പ്രവർത്തനങ്ങളെല്ലാം ഇടതുപക്ഷ സർക്കാർ നിർവഹിക്കുന്നത് കേന്ദ്രം നൽകുന്ന ഈ സഹായം കൊണ്ടാണ് . 
റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ഔദാര്യമല്ല , അവകാശമാണ് എന്നൊന്നും ക്യാപ്സ്യൂൾ ഇറക്കി വന്നേക്കരുത് . കാരണം അയൽവാസികളായ തമിഴ്നാടിനോ കര്ണാടകക്കോ വർഗ ശത്രുക്കളായ ഗുജറാത്തിനോ യുപിക്കോ ഒന്നും ഈ സഹായം കേന്ദ്രം നൽകുന്നില്ല . 
എന്ത് കൊണ്ട് റവന്യു ഡെഫിസിറ്റ് ഉണ്ടായി ? റവന്യൂ ജനറേഷൻ നടക്കാത്തത് കൊണ്ട് . അവിടെയാണ് തോമസ് ഐസക്കിന്റെ വളർച്ചാ അവകാശവാദത്തിലെ പൊള്ളത്തരം വെളിച്ചത്താകുന്നത് . ദേശീയ ശരാശരിയേക്കാൾ വളർച്ചയുണ്ടെങ്കിൽ റവന്യൂ ജനറേഷനിലും ആ വളർച്ച കാണണ്ടേ ? സംസ്ഥാനത്ത് റവന്യൂ ജനറേറ്റ് ചെയ്യാൻ കഴിവുള്ള ഏത് പ്രോജക്ടിലാണ് സാർ അങ്ങയുടെ കിഫ്‌ബി നിക്ഷേപിച്ചിട്ടുള്ളത് ? ദേശീയ പാത ലാൻഡ് അക്വിസിഷൻ ആണെങ്കിൽ 75 ശതമാനം ചിലവും വഹിക്കുന്നത് കേന്ദ്ര സർക്കാരാണ് . തോമസ് ഐസക്ക് അവകാശപ്പെടുന്നത് പോലെ ഭൂമി ഏറ്റെടുക്കലിന് കിഫ്‌ബി ചിലവാക്കിയ പണമാണ് സാമ്പത്തിക മേഖലക്ക് ഉത്തേജനമായതെങ്കിൽ കയ്യടിക്കേണ്ടത് നരേന്ദ്ര മോദിക്കും നിതിൻ ഗഡ്കരിക്കുമല്ലേ ? 
ജിഎസ്ടി നിലവിൽ വന്നാൽ കൺസ്യൂമർ സ്റ്റേറ്റ് ആയ കേരളത്തിന്റെ വരുമാനം വർദ്ധിക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞൻ പറഞ്ഞിരുന്നല്ലോ . കഴിഞ്ഞ ഒക്ടോബറിൽ കേരളം പിരിച്ചെടുത്ത എസ്‌ജിഎസ്‌ടി 2485 കോടി രൂപയാണ് . അതേ സമയം അയൽവാസികളായ കർണാടകക്ക് ലഭിച്ചത് 10996 കോടി രൂപയും തമിഴ്‌നാടിന് 9540 കോടി രൂപയുമാണ് . ഒരു കൺസ്യൂമർ സ്റ്റേറ്റ് എന്ന നിലക്ക് കേരളത്തിന് ന്യായമായും കൂടുതൽ ജിഎസ്ടി പിരിച്ചെടുക്കാൻ സാധിക്കേണ്ടതാണ് .  ടാക്സ് ബേസ് വർദ്ധിപ്പിക്കാൻ സാമ്പത്തിക ശാസ്ത്രഞ്ജനോ പിൻഗാമിയോ ശ്രമിച്ചിട്ടില്ല  . പെരുമ്പാവൂരിലെ പ്ളേവുഡ് ഫാക്ടറികൾ കേന്ദ്രീകരിച്ച് നടക്കുന്ന ഭീകരമായ ജിഎസ്‌ടി തട്ടിപ്പ് പിടികൂടിയാൽ സംസ്ഥാന ധനകാര്യ മന്ത്രിയുടെ ഓഫിസിൽ നിന്ന് ഉദ്യോഗസ്ഥർക്ക് ഫോൺ വരികയാണ് , ഒഴിവാക്കി കൊടുക്കാൻ . ഒരു ഉദാഹരണം പറഞ്ഞെന്ന് മാത്രം . 
"കേരളത്തിന്റെ കടം സുസ്ഥിരമാണ്. കടം വാങ്ങി നമ്മൾ നടത്തിയ നിക്ഷേപമാണ് കേരളത്തെ കരകയറ്റിയത്" തോമസ് ഐസക്കിന്റെ അതേ പോസ്റ്റിലെ മറ്റൊരു അവകാശവാദമാണിത് . അതേയ് സാറേ , അടുത്ത വർഷമല്ലേ മസാല ബോണ്ട് വഴിക്കെടുത്ത കടം തിരിച്ചടക്കേണ്ടത് ? അപ്പോൾ ഇവിടെ ഒന്നും കിട്ടീല ആരും ഒന്നും തന്നില്ല എന്ന കേന്ദ്ര വിരുദ്ധ പല്ലവിയും പാടി ഇവിടെ തന്നെ കാണുമല്ലോ അല്ലേ ? 
"Lies, damned lies, and statistics" ... നുണകൾ , പെരും നുണകൾ , സ്ഥിതി വിവരക്കണക്കുകൾ . കേരളത്തെ സാമ്പത്തികമായി തകർത്തെറിഞ്ഞ ഇടത് പോളിസി പാരാലിസിസ് ഒളിപ്പിക്കാൻ തോമസ് ഐസക്ക് കൂട്ടുപിടിച്ചിരിക്കുന്നത് സ്റ്റാറ്റിസ്റ്റിക്‌സിനെ ആണ് .  അതിലെ പൊള്ളത്തരം തുറന്ന് കാണിക്കുക തന്നെ ചെയ്യും .

 

PREV
click me!

Recommended Stories

കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഡിജിപിക്ക് ബന്ധുക്കളുടെ പരാതി; പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു