
തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ എംഎൽഎക്കെതിരെ ആരോപണവുമായി സന്ദീപ് വാര്യർ. ശൈലജയുടെ മകൻ ലെസിതിന് കണ്ണൂര്‍ വിമാനത്താവളത്തിൽ ബന്ധുനിയമനം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാൻ തലശ്ശേരി വിജിലൻസ് കോടതി ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ലെസിതിന് ഐടി അസിസ്റ്റന്‍റ് മാനേജറായി വഴിവിട്ട് നിയമനം നൽകിയെന്നും അതിന് ശേഷം അനധികൃതമായി സ്ഥാനക്കയറ്റവും നൽകിയെന്നും ബിജെപി മുൻ വക്താവ് കൂടിയായ സന്ദീപ് വാര്യർ ആരോപിച്ചു. അഞ്ചു വർഷം മുമ്പാണ് ലെസിത്തിന് കണ്ണൂര്‍ വിമാനത്താവളത്തിൽ നിയമനം നൽകിയത്. കോടതി നിർദ്ദേശിച്ചിട്ടും മൂന്ന് വര്‍ഷമായിട്ടും അന്വേഷണം നടത്താത്തതിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നൽകുമെന്നും സന്ദീപ് അറിയിച്ചു.
ആദ്യ വയോജന പാര്‍ക്ക് വാഴക്കുളത്ത്; 50 ലക്ഷം രൂപയുടെ ഭരണാനുമതി
അതേ സമയം, വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനെ കുറിച്ച് കൂടുതൽ പ്രതികരിക്കാൻ സന്ദീപ് തയ്യാറായില്ല. സംസ്ഥാന അധ്യക്ഷൻ പറഞ്ഞതിന് അപ്പുറം പറയാനില്ലെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നുമാണ് വിഷയത്തിൽ സന്ദീപ് പ്രതികരിച്ചത്.
അതിനിടെ, മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഭരണ കാലത്ത് കൊവിഡ് പ്രതിരോധത്തിനായി കൂടുതൽ തുക നൽകി പിപിഇ കിറ്റ് അടക്കം വാങ്ങിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ലോകായുക്ത തീരുമാനിച്ചിട്ടുണ്ട്. കെ കെ ശൈലജ, കെഎംസിഎൽ ജനറൽ മാനേജർ ഡോക്ടർ ദിലീപ് അടക്കമുള്ളവർക്ക് ഇതനുസരിച്ച് കോടതി നോട്ടീസ് അയച്ചു. മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയെന്നാണ് ലോകായുക്തക്ക് ലഭിച്ച പരാതി. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് ലോകായുക്ത നോട്ടീസ് അയച്ചത്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്നാണ് നിർദ്ദേശം
എന്നാൽ പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഒരഴിമതിയുമില്ലെന്നുമാണ് കെകെ ഷൈലജ വിഷയത്തിൽ പ്രതികരിച്ചത്. കുറഞ്ഞ വിലക്ക് കിറ്റുകൾ നൽകാൻ തയ്യാറായ കേരളത്തിലെ സ്ഥാപനങ്ങളെ അവഗണിച്ച് തട്ടിക്കൂട്ട് കമ്പനിക്ക് വൻതുകക്ക് കരാർ നൽകിയതിൽ ആരോഗ്യമന്ത്രിക്കും മുൻ മന്ത്രിക്കും ഇപ്പോഴും കൃത്യമായ വിശദീകരണമില്ലെന്നതാണ് യാഥാർത്ഥ്യം.