
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരിക്കുന്നത് സംഘപരിവാർ ബി ടീമാണെന്നും കൊ ലി ബി സഖ്യകാലം മുതൽ പ്രകടമായ ബി ജെ പി - യു ഡി എഫ് കൂട്ടുകെട്ടാണ് നിലവിലുള്ളതെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മോദിയും ഇ ഡിയും വി ഡി സതീശനും ചേർന്ന പുതിയ സഖ്യമാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. രാജ്യത്താകെ പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന ബി ജെ പി നിലപാടിന് യു ഡി എഫ്. പിന്തുണ നൽകുകയാണ്. മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ മന്ത്രി മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള ഇ ഡി യുടെ രാഷ്ട്രീയ വേട്ടയ്ക്കാണ് യു ഡി എഫ് കുടപിടിക്കുന്നത്. അതുകൊണ്ടാണ് ഇ ഡിയുടെ കത്തിൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഡി ജി പിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇ ഡി ഭീഷണിപ്പെടുത്തിയാണ് കേസിൽ പല മൊഴികളും രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സി പി എം നേതാക്കളെ രാഷ്ട്രീയ വേട്ടക്ക് വിട്ടുകൊടുക്കില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
നിലവിലെ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ മുൻപ് പണം വാങ്ങിയതായി സമ്മതിച്ചിട്ടുണ്ടെന്നും എന്തിനാണ് പണം വാങ്ങിയതെന്ന് അവർ വ്യക്തമാക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. അക്കൗണ്ട് വഴി മാത്രമേ പണം സ്വീകരിക്കാവൂ എന്ന നിയമം ലംഘിച്ച ഇവർ തിരഞ്ഞെടുപ്പ് കണക്കുകളിൽ ഇത് എങ്ങനെ ഉൾപ്പെടുത്തിയെന്ന് വ്യക്തമാക്കണം. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ വലിയ അഴിമതികൾക്കാണ് പിന്തുണ നൽകുന്നത്. ഇ ഡി നീക്കത്തിനെതിരെ രാജ്യത്തെ മറ്റ് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്ന നിലപാടുകൾ ആ പാർട്ടിക്ക് തന്നെ പരിഹാസമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി വി ഡി സതീശന്റെ ചാർട്ടേഡ് വിമാനയാത്രയെയും സി പി എം സംസ്ഥാന സെക്രട്ടറി രൂക്ഷമായി വിമർശിച്ചു. വിമാനത്തിൽ യാത്ര ചെയ്യുന്നത് തെറ്റല്ലെങ്കിലും ഈ യാത്രയുടെ ചെലവ് ആരാണ് വഹിച്ചതെന്ന് വ്യക്തമാക്കാൻ സർക്കാർ തയ്യാറാകണം. ആരുടെയെങ്കിലും സൗജന്യത്തിൽ യാത്ര ചെയ്യുന്നത് സത്യപ്രതിജ്ഞാ ലംഘനവും നിയമലംഘനവുമാണ്. മന്ത്രിമാർ മറ്റാരാലും സ്വാധീനിക്കപ്പെടാതിരിക്കാനാണ് സർക്കാരിന്റെ ചെലവിൽ വീടും വാഹനവും നൽകുന്നത്. മുൻപ് ഹെലികോപ്റ്റർ യാത്രയെ ധൂർത്ത് എന്ന് വിമർശിച്ചവരാണ് ഇപ്പോൾ അഴിമതിയുടെ വഴിയിലൂടെ സഞ്ചരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ എം ഷാജി മന്ത്രിയുടെ ആഡംബര വാഹനം മോട്ടോർ വെഹിക്കിൾ ആക്ടിന്‍റെ പോലും ലംഘനമാണ്. കെ പി സി സി പ്രസിഡന്റ് പറഞ്ഞ വിശദീകരണം പരിഹാസ്യമാണ്. വലിയ അഴിമതിക്കാണ് ഈ സർക്കാർ പിന്തുണ നൽകുന്നതെന്നും സി പി എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam