
പാലക്കാട്: എ കെ ആന്‍റണിയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നു താഴെയിറക്കിയതിന് പിന്നില്‍ സ്വന്തം ഗ്രൂപ്പുകാരായിരുന്നെന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍. ആത്മകഥയായ അനുപമം ജീവിതത്തിലാണ് വെളിപ്പെടുത്തല്‍. തന്നോട് കെ കരുണാകരൻ വലിയ അനീതി കാണിച്ചുവെന്നും ശങ്കരനാരായണന്‍ ആത്മകഥയിൽ കുറ്റപ്പെടുത്തുന്നു.
ആറുപതിറ്റാണ്ടിലേറെ കെ ശങ്കരനാരായണന്‍റെ രാഷ്ട്രീയ ജീവിതത്തിന്‍റെ ആകെത്തുകയാണ് ആത്മകഥയായ അനുപമം ജീവിതം. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് നല്‍കി പ്രകാശനം ചെയ്ത ആത്മകഥയില്‍ കരുണാകരനെതിരെ ശങ്കരനാരായണൻ തുറന്നടിക്കുകയാണ്.
കരുണാകരന്‍റെ അപ്രമാദിത്വം പാർട്ടിക്കുള്ളിൽ ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടത് കൊണ്ട് അപ്രതീക്ഷിത ആഘാതം നേരിടേണ്ടി വന്നുവെന്നാണ് ആരോപണം. ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിൽ മത്സരിക്കാൻ പാർട്ടി പരിഗണിച്ച തന്നെ കരുണാകരൻ വെട്ടിയെന്നും 93ൽ രാജ്യസഭയിലേക്ക് പരിഗണിച്ചെങ്കിലും ഒഴിവാക്കിയെന്നുമാണ് ശങ്കരനാരായണൻ പറയുന്നത്.
ദില്ലിക്ക് പോയാൽ തന്‍റെ രാഷ്ട്രീയ മേൽവിലാസം മാറുമെന്ന ഭയമായിരുന്നു കരുണാകരന്‍റെ നീക്കത്തിന് പിന്നിലെന്ന് ശങ്കരനാരായണനെഴുതുന്നു. ആൻ്റണിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു താഴെയിറക്കിയതിന് പിന്നില്‍ ഭരണത്തിൽ വലിയ സ്വാധീനമാകാൻ കഴിയാതെ പോയ ചിലരുടെ കരുനീക്കമായിരുന്നുവെന്നാണ് തുറന്നെഴുത്ത്. എ ഗ്രൂപ്പിനുള്ളില്‍ നിന്നുള്ള പടനീക്കം കരുണാകരനെയാണ് സഹായിച്ചത്.
രാഷ്ട്രീയ ജീവിതത്തില്‍ നടക്കാതെ പോയ ഒരു സ്വപ്നം കൂടി പങ്കുവയ്ക്കുന്നുണ്ട് ശങ്കരനാരായണന്‍. മുഖ്യമന്ത്രിയാവുക എന്നതായിരുന്നു നടക്കാതെ പോയ മോഹം. ആത്മാർഥമായി ശ്രമിച്ചിരുന്നെങ്കിൽ അത് നടക്കുമായിരുന്നെന്നും ശങ്കരനാരായണന്‍ വിശ്വസിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam