
ഇടുക്കി: കോടതിയെ വെല്ലുവിളിച്ച് സിപിഎം. ഇടുക്കി ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമ്മാണം തകൃതിയായി നടക്കുകയാണ്. കോടതി നിർദ്ദേശം വന്നിട്ടും പണികൾ തുടരുകയാണ്. രാത്രിയിൽ തൊഴിലാളികളെ എത്തിച്ചാണ് ജോലികൾ പൂർത്തിക്കാൻ ശ്രമിക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ചട്ടം ലഘിച്ച് ഇടുക്കിയിൽ നിർമ്മിക്കുന്ന സിപിഎം ഓഫീസുകളുടെ നിർമ്മാണം ഇന്ന് തന്നെ നിർത്തിവെക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ശാന്തൻപാറ, ബൈസൺവാലി എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളുടെ നിർമ്മണത്തിനാണ് ഡിവിഷൻ ബഞ്ച് തടയിട്ടത്. ഉത്തരവ് നടപ്പാക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ശാന്തൻപാറയിൽ ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണം നിർത്തിവെക്കാൻ 2022 നവംബർ 25 ശാന്തൻപാറ വില്ലേജ് സെക്രട്ടറി കത്ത് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് മൂന്ന് നില കെട്ടിടം പണം അവസാന ഘട്ടത്തിലാണ്. ബൈസൺവാലിയിൽ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. രണ്ടിടത്തെയും ചട്ട ലംഘനം ചൂണ്ടികാട്ടി സ്റ്റോപ് മെമ്മോ നൽകിയെങ്കിലും റിപ്പോർട്ടിൽ തുടർന്നടപടിയൊന്നും ഉണ്ടായില്ല. ചട്ട ലംഘനം ചൂണ്ടികാട്ടിയുള്ള മാധ്യമ റിപ്പോർട്ട് ശ്രദ്ധയിൽപെട്ടതോടെയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർമ്മാണ പ്രവർത്തനം അടിയന്തരമായി നിർത്തിവെപ്പിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടത്.
ഇതിനായി പോലീസ് സംരക്ഷണം വേണമെങ്കിൽ തേടാമെന്നും ആവശ്യമായ സുരക്ഷ ഒരുക്കാൻ പൊലീസ് മേധാവിക്കും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിൻ ബഞ്ച് നിർദ്ദേശിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിൽ അത്തരം കെട്ടിടത്തിന് കെട്ടിട നമ്പറോ, കൈവശാവകാശ രേഖയോ നൽകരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മൂന്നാർ കേസുകൾ അടുത്ത മാസം 5ന് കോടതി വീണ്ടും പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam