ലൈഫ് മിഷൻ ഇടപാടിൽ നൽകിയത് കോഴയല്ല, കമ്മീഷനാണെന്ന് സന്തോഷ് ഈപ്പൻ

By Web TeamFirst Published Dec 5, 2020, 1:59 PM IST
Highlights

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ മൂന്ന് കോടി 80 ലക്ഷം രൂപ കോണ്‍സുല്‍ ജനറലിനും അക്കൗണ്ട്സ് ഓഫീസര്‍ ഖാലിദിനുമായി നൽകിയെന്ന് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു.

കൊച്ചി: ലൈഫ് മിഷൻ ഇടപാടിൽ താൻ ആർക്കും കൈക്കൂലി നൽകിയിട്ടില്ലെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ. ബിസിനസ് സ്ഥാപനമെന്ന നിലയിൽ കമ്മീഷൻ നൽകിയിട്ടുണ്ടാകാമെന്നും അത് കൈക്കൂലി അല്ലെന്നുമാണ് സന്തോഷ് ഈപ്പൻ്റെ ന്യായീകരണം. കസ്റ്റംസ് ചോദ്യം ചെയ്യലിനായി എത്തിയപ്പോഴായിരുന്നു ഈപ്പൻ്റെ പ്രതികരണം.യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ട്സ് ഓഫീസര്‍ വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തത്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ മൂന്ന് കോടി 80 ലക്ഷം രൂപ കോണ്‍സുല്‍ ജനറലിനും അക്കൗണ്ട്സ് ഓഫീസര്‍ ഖാലിദിനുമായി നൽകിയെന്ന് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ ഒരു കോടി രൂപ ഒഴികെ ഡോളറായി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. തുടർന്ന് വിവിധ ഇടങ്ങളില്‍ നിന്നായി സന്തേഷ് ഈപ്പന്‍ ഇത്രയും ഡോളര്‍ അനധികൃതമായി സംഘടിപ്പിച്ച് നല്‍കി. 

കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഇതില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം ഡോളര്‍ ഖാലിദ് ഹാന്‍ഡ് ബഗേജില് വെച്ച് വിദേശത്തേക്ക് കടത്തി. സ്വപ്നയുടേയും സരിതിന്‍റെയും സഹായത്തോടെയാണ് വിമാനത്താവളത്തിലെ പരിശോധന കൂടാതെ ഡോളർ കടത്തിയത്. ഇതുമായി ബന്ധപ്പെട്ടാണ് സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തത്. എന്നാൽ താന്‍ നല്‍കിയത് കമ്മീഷനാണെന്നും കോഴയല്ലെന്നും സന്തോഷ് ഈപ്പന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. വീട് വാടകയ്‍ക്കെടുക്കുമ്പോൾ ഇടനിലക്കാരന് കമ്മീഷൻ നൽകില്ലേ ? അത് കൈക്കൂലിയാണോ എന്നായിരുന്നു സന്തോഷ് ഈപ്പൻ്റെ പ്രതികരണം.

ഇതിനിടെ സുരക്ഷാ ഭീഷണിയെ തുടര്ന്ന് കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിന് ഏര്‍പ്പെടുത്തിയിരുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ  കേന്ദ്ര സർക്കാർ പിന്‍വലിച്ചു. ആവശ്യമെങ്കില്‍ ലോക്കല്‍ പൊലീസിന്‍റെ സഹായം തേടാമെന്നാണ് ആഭ്യന്തരവകുപ്പിൻ്റെ നിർദ്ദേശം. 

സ്വര്‍ണകള്ളക്കടത്ത് റാക്കറ്റില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പ്രതികൾക്കും സുരക്ഷാ ഭീഷണി ഉണ്ടെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്കിയിരുന്നു. ഇതിന്‍റെ  അടിസ്ഥാനത്തിലാണ്  കഴിഞ്ഞ ജൂലൈ മുതല്‍ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ആസ്ഥാനത്ത് സിആർപിഎഫിനെ നിയോഗിച്ചത്. എന്നാല്‍ ഇനിമുതല്‍ കേന്ദ്രസേനയുടെ സുരക്ഷ  ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് കസ്റ്റംസിനെ അറിയിക്കുകയായിരുന്നു. 

വേണമെങ്കില്‍ ലോക്കല്‍ പൊലീസിന്റെയോ അതല്ലെങ്കിൽ പണം നല്‍കി സിഐഎസ്എഫിന്‍റയൊ സഹായംതേടാം. മുമ്പുണ്ടായിരുന്ന തലത്തിലുള്ള സുരക്ഷാ ഭീഷണി ഇപ്പോഴില്ലെന്ന പുതിയ ഐബി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സിആർപിഎഫിനെ പിന്‍വലിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.

click me!